ഏറ്റവും നല്ല വഴികാട്ടികളാകുന്നതും മനുഷ്യമനസുകളെ തുറക്കാന്‍ സഹായിക്കുന്നതും പുസ്തകങ്ങളാണെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍.  വായനാദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ അടൂര്‍ ഗവ.ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. തുറന്ന മനസോടുകൂടി ലോകത്തെ കാണണമെന്നും,  ചെറിയ ചിന്തകളില്‍ നിന്നും വ്യതിചലിച്ച് ചിന്താമണ്ഡലം വലുതാക്കണമെന്നും ജില്ലാകളക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. ഒരുപാട് പുസ്തകങ്ങള്‍ വായിച്ചില്ലെങ്കിലും വായിക്കുന്നവയെ മനസിരുത്തി തുറന്ന മനസോടെ വായിക്കാന്‍ സാധിക്കണം. അപ്പോള്‍ മാത്രമേ സഹജീവികളെ കുറിച്ചും അവരുടെ ചിന്തകളെ കുറിച്ചും നമുക്ക് മനസിലാക്കാന്‍ സാധിക്കൂ. വായനയും എഴുത്തും ജീവിതത്തിന്റെ അടിസ്ഥാന ഘടകങ്ങളാകണം. പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അവയെല്ലാം നമ്മുടെ കഥകള്‍ തന്നെയാണ് പറയുന്നതെന്ന തോന്നലുണ്ടാകുമെന്നും കളക്ടര്‍ പറഞ്ഞു. സ്വാധീനിച്ച പുസ്തകങ്ങള്‍, സിവില്‍ സര്‍വീസിലേക്ക് വരാന്‍ സ്വാധീനിച്ച വ്യക്തി, ഇഷ്ടപ്പെട്ട കൂട്ടൂകാര്‍, അധ്യാപകര്‍ എന്നിങ്ങനെ വിദ്യാര്‍ഥികള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കും ജില്ലാ കളക്ടര്‍ മറുപടി പറഞ്ഞു.