വെച്ചൂച്ചിറ പഞ്ചായത്തില്‍ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ജല്‍ജീവന്‍ മീഷനിലൂടെ 52.28 കോടി രൂപയുടെ പദ്ധതി നടപ്പാക്കും. 4916 പുതിയ കണക്ഷനുകള്‍ ഇതുവഴി നല്‍കും. പഞ്ചായത്തിലെ കുടിവെള്ള വിതരണത്തിന്റെ സ്ഥിതി വിലയിരുത്തുന്നതിന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ  ജനപ്രതിനിധികളുടേയും ജലവിഭവ വകുപ്പ് അധികൃതരുടെയും യോഗം വിളിച്ചു ചേര്‍ത്തു. എല്ലാഭാഗത്തും കുടിവെള്ള ലഭ്യത ഉറപ്പാക്കുന്നതിന് 21 ന് രാവിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംയുക്ത പരിശോധന നടത്തുന്നതിനും യോഗത്തില്‍ തീരുമാനമായി.

പെരുന്തേനരുവി കുടിവെള്ള പദ്ധതി, കൊല്ലമുള കുടിവെള്ളപദ്ധതി എന്നിവിടങ്ങളില്‍നിന്നാണ് പഞ്ചായത്തില്‍ ജലവിതരണം നടത്തുന്നത്. വാട്ടര്‍ അതോറിറ്റി അടൂര്‍ പ്രൊജക്ട് ഡിവിഷന്റെ കീഴിലുള്ളതാണ് കൊല്ലമുള പദ്ധതി. വെണ്‍കുറിഞ്ഞിയില്‍ ടാങ്ക് സ്ഥാപിച്ച് ഇവിടെനിന്നും തലമുട്ടിയാനി, പാമ്പിരിക്കുംപാറ, പൊനച്ചി, ഓലിക്കല്‍ എന്നിവിടങ്ങളിലെ ടാങ്കുകളില്‍ വെള്ളം എത്തിച്ച് ജലലഭ്യത ഉറപ്പാക്കും. തലമുട്ടിയാനി ടാങ്ക് നിര്‍മാണം ടെന്‍ഡര്‍ ചെയ്തെങ്കിലും ആരും കരാര്‍ ഏറ്റെടുക്കാത്തത് നിര്‍മാണത്തിന് തടസമായിട്ടുണ്ട്. മന്ദമരുതി – വെച്ചൂച്ചിറ റോഡ് നിര്‍മാണത്തിനിടെ തകര്‍ന്ന പൈപ്പുകള്‍ മാറ്റാന്‍ കിഫ്ബി തുക അനുവദിച്ചിരുന്നെങ്കിലും നിര്‍മാണ നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നതിനാല്‍ അച്ചടിപ്പാറ, കുന്നം മേഖലകളില്‍ ജലവിതരണം മുടങ്ങിയിരുന്നു. ഇതും അടിയന്തരമായി പരിഹരിക്കാന്‍ യോഗത്തില്‍ തീരുമാനമായി.