നാരങ്ങാനം ഗവ ഹോമിയോ ഡിസ്പെന്‍സറിയെ മോഡല്‍ ഡിസ്പെന്‍സറിയായി ഉയര്‍ത്തി
ജില്ലയില്‍ ഹോമിയോപ്പതിയിലൂടെ സമഗ്രമായ ആരോഗ്യപരിപാലനം ഉറപ്പു വരുത്തുന്നതിനായി സാംക്രമിക രോഗ നിയന്ത്രണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ. ഡി. ബിജു കുമാര്‍.  കഴിഞ്ഞ ഒരു വര്‍ഷക്കാലം നടപ്പാക്കിയ പ്രധാന വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍: ദമ്പതികള്‍ക്ക് സന്താന സൗഭാഗ്യം നല്‍കുന്ന ഹോമിയോപ്പതിയുടെ വന്ധ്യത നിവാരണ ചികിത്സ കാര്യക്ഷമമാക്കി. സ്ത്രീകളുടെ സുരക്ഷിതത്വം, സമത്വം, ശാരീരിക മാനസിക ആരോഗ്യ പരിപാലനം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച സ്ത്രീ സാന്ത്വന പദ്ധതിയായ സീതാലയത്തിന്റ സേവനം കൂടുതല്‍ വിപുലമാക്കി. കൗമാരക്കാരുടെ  ശാരീരിക, മാനസിക വ്യക്തിത്വ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി സദ്ഗമയ പദ്ധതി നടപ്പാക്കി.
ആധുനിക ജീവിതശൈലി രോഗങ്ങളായ പ്രമേഹം, രക്ത സമ്മര്‍ദം, ഹൃദ്രോഗം തുടങ്ങിയവയെ പ്രതിരോധിക്കുന്നതിനും  ചികിത്സിക്കുന്നതിനുമായി നാച്ചുറോപ്പതി, യോഗ തുടങ്ങിയ സമ്പ്രദായങ്ങളെ സംയോജിപ്പിച്ചു കൊണ്ട് ആയുഷ് ഹോളിസ്റ്റിക്ക് സെന്ററുകള്‍, സാന്ത്വന പരിചരണ കേന്ദ്രങ്ങള്‍ എന്നിവ വഴി ചികിത്സ ഉറപ്പാക്കി. ഉത്സവ വേദികളില്‍ തീര്‍ഥാടകര്‍ക്കുള്ള താല്‍ക്കാലിക ഹോമിയോ ഡിസ്പെന്‍സറികള്‍  ആരംഭിച്ചു. കുളനട, എഴംകുളം, കോഴഞ്ചേരി ഡിസ്പെന്‍സറികളുടെ നിലവാരം മെച്ചപ്പെടുത്തി. പന്തളം, കുറ്റപ്പുഴ ഗവ ഹോമിയോ ഡിസ്പെന്‍സന്‍സറികളെ കെഎഎസ്എച്ച്  നിലവാരത്തില്‍ ഉയര്‍ത്തുന്നതിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്തതായും ഡിഎംഒ അറിയിച്ചു.