എസ് എസ് എല്‍ സി പരീക്ഷയില്‍ ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളിനെ 100 ശതമാനം വിജയത്തിലെത്തിച്ച വിദ്യാര്‍ഥികളെ ആദരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചരിത്രത്തിലാദ്യമായാണ് ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂള്‍ 100 ശതമാനം വിജയത്തിലെത്തുന്നത്. 70 കുട്ടികളായിരുന്നു ഏലപ്പാറ പഞ്ചായത്ത് ഹൈസ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷ എഴുതിയത്. ഒരാള്‍ക്ക് ഫുള്‍ എ പ്ലസ് ലഭിച്ചു. മൂന്ന് കുട്ടികള്‍ക്ക് ഏഴ് വിഷയങ്ങള്‍ക്ക് എ പ്ലസും ഒരു കുട്ടിക്ക് ആറ് വിഷയങ്ങള്‍ക്ക് എ പ്ലസും ലഭിച്ചു.

സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തിയ ചടങ്ങില്‍ സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ആര്‍. സഹാസ് അധ്യക്ഷത വഹിച്ചു. ഏലപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. നിത്യ മുഖ്യപ്രഭാഷണം നടത്തി. ഫുള്‍ എ പ്ലസ് കരസ്ഥമാക്കിയ ശ്രീജയ്ക്ക് എ വി ജി മാനേജിംഗ് ഡയറക്ടര്‍ മാത്യു ജോണ്‍ ക്യാഷ് അവാര്‍ഡ് നല്‍കി. ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിജു ഗോപാലന്‍, ഉമര്‍ ഫാറൂഖ്, പി.ടി.എ. വൈസ് പ്രസിഡന്റ് പ്രദീപ്, മാത്യു ജോണ്‍, ആര്‍. ധനപാല്‍, അധ്യാപകര്‍, മാതാപിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.