കേരളത്തില്‍ ആദ്യമായി നടക്കുന്ന സംസ്ഥാന റവന്യൂ കലോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഫ്‌ളാഷ് മോബ് സംഘടിപ്പിച്ചു. താലൂക്ക് കോംപൗണ്ട്, കിഴക്കേകോട്ട, കലക്ടറേറ്റ്, ശക്തന്‍ സ്റ്റാന്റ്, മണ്ണുത്തി എന്നിവിടങ്ങളിലായി നടന്ന ഫ്‌ളാഷ്‌മോബില്‍ റവന്യൂ ജീവനക്കാര്‍ ഉള്‍പ്പെടെ ഭാഗമായി. മിനര്‍വ അക്കാദമി വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഫ്‌ളാഷ് മോബ് അരങ്ങേറിയത്. ഇന്ന് (ജൂണ്‍ 23) മുനിസിപ്പല്‍ ഓഫീസ്, വടക്കേ സ്റ്റാന്റ്, പാറമേക്കാവ്, പടിഞ്ഞാറേ കോട്ട-സന്ധ്യ, ഒളരി എന്നീ കേന്ദ്രങ്ങളിലും നാളെ (ജൂണ്‍ 24) പൂങ്കുന്നം, മുതുവറ, റെയില്‍വേ സ്റ്റേഷന്‍, നായ്ക്കനാല്‍, സ്റ്റുഡന്റ്സ് കോര്‍ണര്‍ എന്നിവിടങ്ങളിലും പ്രചാരണ പരിപാടികളുടെ ഭാഗമായി ഫ്‌ളാഷ്‌മോബ് അരങ്ങേറും.

ജൂണ്‍ 24 വെള്ളിയാഴ്ച വൈകീട്ട് 3.30ന് സ്വരാജ് റൗണ്ടില്‍ നടക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയോടെയാണ് സംസ്ഥാന റവന്യൂ കലോത്സവത്തിന് തുടക്കമാകുന്നത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കലോത്സവത്തില്‍ തെക്കേഗോപുര നട, ടൗണ്‍ ഹാള്‍, റീജണല്‍ തിയ്യറ്റര്‍,
സിഎംഎസ് സ്‌കൂള്‍ എന്നിവിടങ്ങളാണ് പ്രധാന വേദികള്‍. കലോത്സവത്തിന് 14 ജില്ലാ ടീമുകളും ഒരു ഹെഡ്കോര്‍ട്ടേഴ്സ് ടീമും ഉള്‍പ്പെടെ 15 ടീമുകള്‍
പങ്കെടുക്കും. 39 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. 24ന് രാവിലെ ഒന്‍പത് മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. അവസാന ദിവസമായ 26ന് വൈകീട്ട് 4.30 മുതല്‍ സമാപനസമ്മേളനവും സമ്മാനദാനവും പ്രധാന വേദിയായ തേക്കിന്‍കാട് മൈതാനിയില്‍ നടക്കും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സര്‍വീസ് സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും.