“സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീകളിൽ മാത്രം ഒതുങ്ങേണ്ടതല്ല, മറിച്ച് പുരുഷൻമാരുടെയും ഉത്തരവാദിത്വമാണ്” ജില്ലാ റൂറൽ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെയുടെ വാക്കുകൾ കൈയടികളോടെയാണ് വിദ്യാർത്ഥിനികൾ ഏറ്റെടുത്തത്. ഏക ഭാരതം ശ്രേഷ്ഠ ഭാരതം പരിപാടിയുടെ ഭാഗമായി വിമല കോളേജിൽ സംഘടിപ്പിച്ച ചർച്ചയിൽ ഇംഗ്ലീഷ് ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ ജീനു മരിയയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ഐശ്വര്യ ഡോംഗ്രെ. സ്ത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി നടത്തുന്ന പ്രവർത്തനങ്ങൾ സ്ത്രീകളിൽ മാത്രം ഒതുങ്ങി പോകേണ്ടതല്ല. മറിച്ച് പുരുഷ സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. അതിനായി നടത്തുന്ന സംവാദ വേദികളിലും സെമിനാറുകളിലും പുരുഷന്മാരെയും ഉൾപ്പെടുത്തേണ്ടതുണ്ടെന്ന് ഐശ്വര്യ ഡോംഗ്രെ പറഞ്ഞു.

സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളെ നേരിടാനുള്ള കരുത്ത് സ്ത്രീകൾക്ക് തന്നെ ഉണ്ടാകണം. സ്വയം പ്രതിരോധമെന്നാൽ അക്രമിയെ ബലം ഉപയോഗിച്ച് കീഴ്പ്പെടുത്തണമെന്നല്ല മറിച്ച് തനിക്ക് നേരെ ഉണ്ടാകുന്ന
അതിക്രമത്തിനെതിരെ ഏത് വിധേനയും പ്രതികരിക്കലാണെന്ന് സ്വയം പ്രതിരോധത്തെ കുറിച്ചുള്ള ചോദ്യത്തിന് അവർ മറുപടി നൽകി. സിവിൽ സർവീസ് പഠന സമയങ്ങളിലും ഐപിഎസ് ട്രെയിനിംഗ് കാലയളവിലും ഉണ്ടായ അനുഭവങ്ങളും ഐശ്വര്യ ഡോംഗ്രെ വിദ്യാർത്ഥിനികളുമായി പങ്കുവെച്ചു.

തുടര്‍ന്ന് തുഞ്ചത്തെഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടില്‍ പരാമര്‍ശിക്കുന്ന ഭാഗമായ ഗാന്ധാരി വിലാപത്തിന്റെ നൃത്താവിഷ്‌ക്കാരം, കേരള കലാമണ്ഡലത്തിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ചു.

കേന്ദ്ര വാർത്താ-വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യുറോ ഓഫ് കമ്മ്യൂണിക്കേഷൻ തൃശൂർ ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.