കാഞ്ഞീറ്റുകര  ഫാമിലി ഹെല്‍ത്ത് സെന്ററില്‍ തിങ്കളാഴ്ച മുതല്‍ സായാഹ്ന ഒപി ആരംഭിക്കാന്‍ തീരുമാനമായി. അഡ്വ. പ്രമോദ് നാരായണന്‍ എംഎല്‍എയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആശുപത്രി വികസനം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. നിലവില്‍ എല്ലാ ദിവസവും ഉച്ചവരെ മാത്രമേ ആശുപത്രിയില്‍ രോഗികളെ പരിശോധിച്ചിരുന്നുള്ളു. അയിരൂര്‍ മേഖലയിലെ പാവപ്പെട്ടവര്‍ക്ക് കൂടുതല്‍ പ്രയോജനം ചെയ്യുന്നതിന് വേണ്ടിയാണ് സായാഹ്ന ഒപി കൂടി ആരംഭിക്കാന്‍ എംഎല്‍എ നിര്‍ദേശിച്ചത്.  36 ലക്ഷം രൂപയുടെ ആശുപത്രി നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി നടപ്പാക്കുമെന്നും എംഎല്‍എ യോഗത്തില്‍ അറിയിച്ചു. കൂടാതെ ആശുപത്രി നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി നല്‍കാന്‍ കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫിനെ എംഎല്‍എ ചുമതലപ്പെടുത്തി.

നിലവില്‍ ഒരു സിവില്‍ സര്‍ജനും അഞ്ച് അസി. സര്‍ജന്‍മാരും  രണ്ട് നഴ്സിംഗ് സൂപ്രണ്ടുമാരും അഞ്ച് നഴ്സിംഗ് അസിസ്റ്റന്റുമാരുമാണ് ആശുപത്രിയില്‍ ഉള്ളത്. ഇവരുടെ ഡ്യൂട്ടി സമയം ക്രമീകരിച്ചാണ് സായാഹ്ന ഒപി ആരംഭിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരില്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എല്‍സ തോമസ്, അംഗം വി. പ്രസാദ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. രാജേഷ്, ഡോ. ദീപ മാത്യു എന്നിവര്‍ സംസാരിച്ചു.