തീരപ്രദേശത്തെ പച്ചത്തുരുത്താക്കി മാറ്റാനൊരുങ്ങി വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത്. സംസ്ഥാന സർക്കാരിൻ്റെ വൃക്ഷ സമൃദ്ധി പദ്ധതിയുമായി കൈകോർത്ത് 47500 തൈകൾ ആണ് ബ്ലോക്ക് പഞ്ചായത്തിൽ ഉത്പാദിപ്പിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയിൽ ഏറ്റവും കൂടുതൽ തൈകൾ ഉത്പാദിപ്പിച്ച ബ്ലോക്ക് പഞ്ചായത്ത് എന്ന നേട്ടവും വൈപ്പിൻ കരസ്ഥമാക്കി.
തീരപ്രദേശത്തെ മണ്ണിൻ്റെ സ്വഭാവം, കാലാവസ്ഥ തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ബ്ലോക്ക് പഞ്ചായത്ത് ഇത്രയധികം തൈകൾ ഉത്പാദിപ്പിച്ചത്. തൈകൾ ഉത്പാദിപ്പിക്കാൻ അനുകൂല സാഹചര്യങ്ങൾ ഉള്ള ബ്ലോക്ക് പഞ്ചായത്തുകളേക്കാൾ ഒരുപാട് മുന്നിലാണ് വൈപ്പിൻ. വനം വകുപ്പിൽ നിന്നും ലഭിച്ച വിത്തുകൾക്ക് പുറമെ, പ്രാദേശികമായി ലഭിച്ച വിത്തുകളും ഉപയോഗിച്ചാണ് തൈകൾ ഉത്പാദിപ്പിച്ചത്.
കാറ്റാടി, കണ്ടൽ, കണിക്കൊന്ന, സീതപ്പഴം, നാരകം, പുളി, ചാമ്പ, മാവ്, ജാതി, കശുമാവ്, നെല്ലി, വേപ്പ്, പേര എന്നീ തൈകളാണ് ബ്ലോക്കിൽ ഉത്പാദിപ്പിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പള്ളിപ്പുറം, കുഴുപ്പിള്ളി, എടവനക്കാട്, നായരമ്പലം, ഞാറക്കൽ പഞ്ചായത്തുകളിലെ നഴ്സറികളിലാണ് തൈകളുടെ ഉത്പാദനവും പരിപാലനവും നടക്കുന്നത്. തൊഴിലുറപ്പ് തൊഴിലാളികളാണ് നഴ്സറികളിലെ എല്ലാ പ്രവർത്തികളും ചെയ്തു വരുന്നത്. തൈകളുടെ വിതരണവും നടന്നു കൊണ്ടിരിക്കുകയാണ്.
നല്ലയിനം തൈകൾ ഉത്പ്പാദിപ്പിച്ച് വനേതര പ്രദേശങ്ങളിൽ വച്ചു പിടിപ്പിക്കുന്നതിനും, പരിപാലനത്തിനുമായി വനം-തദ്ദേശസ്വയംഭരണ വകുപ്പുകൾ സംയുക്തമായി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി ആവിഷ്കരിച്ച പദ്ധതിയാണ് ‘വൃക്ഷസമൃദ്ധി’. കേരളത്തിന്റെ ഹരിതാഭ വർധിപ്പിക്കാൻ ലക്ഷ്യമിടുന്ന പദ്ധതി വനേതര പ്രദേശങ്ങളിലും പൊതു/സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലുമാണ് നടപ്പിലാക്കുന്നത്. സ്‌കൂളുകൾ, തദ്ദേശ സ്ഥാപനങ്ങൾ, സർക്കാർ-സർക്കാരിതര സംഘടനകൾ, കർഷകർ എന്നിവരെ ഒരു കുടക്കീഴിൽ കൊണ്ടുവരാനാണ് വൃക്ഷസമൃദ്ധി പദ്ധതി വഴി വിഭാവനം ചെയ്യുന്നത്.