ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ തിരുവനന്തപുരം ജില്ല നടത്തുന്ന ഇടപെടലുകള്‍ മാതൃകാപരവും അനുകരണീയവുമാണെന്ന് കേന്ദ്രസംഘം. ജലശക്തി അഭിയാന്റെ ഭാഗമായി കേരളത്തില്‍ നടക്കുന്ന വിവിധ ജലാസംരക്ഷണ പദ്ധതികള്‍ നിരീക്ഷിക്കാനെത്തിയ രണ്ടംഗ സംഘമാണ് ജില്ലയിലെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തി രേഖപ്പെടുത്തിയത്. നവകേരളം മിഷന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുള്‍പ്പെടെയുള്ളവ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളിലെ സ്ത്രീ പങ്കാളിത്തം അത്ഭുതപ്പെടുത്തുന്നതായും സംഘാംഗമായ പ്രാങ്കൂര്‍ ഗുപ്ത അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം വിതുര ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച ജലനടത്തത്തിലും ജലസഭയിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജലസഭ ഉദ്ഘാടനം ചെയ്ത നവകേരളം കര്‍മ്മ സമിതി ചെയര്‍പേഴ്സണ്‍ ഡോ.ടി എന്‍ സീമയുമായി സംഘം നവകേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും വിവിധ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ചര്‍ച്ച നടത്തി. തുടര്‍ന്ന് വിതുര ജഴ്‌സി ഫാമിലും പരിസരത്തുമായി നടത്തുന്ന വിവിധ പ്രകൃതി വിഭവ പരിപാലന പ്രവര്‍ത്തികള്‍ വിലയിരുത്തിയ സംഘം ഫാമില്‍ തൊഴിലുറപ്പ് പദ്ധതിയുമായി ചേര്‍ന്ന് കൃഷി വകുപ്പും മൃഗ സംരക്ഷണ വകുപ്പും ജില്ലാ പഞ്ചായത്തും നടത്തുന്ന തീറ്റപ്പുല്‍ കൃഷി, തട്ടു തിരിക്കല്‍, കുളങ്ങള്‍ എന്നിവയും സന്ദര്‍ശിച്ചു. സാമ്പത്തികകാര്യ മന്ത്രാലയത്തിലെ ഡെപ്യൂട്ടി സെക്രട്ടറി പ്രാങ്കൂര്‍ ഗുപ്ത, സി.ഡബ്ല്യൂ.പി.ആര്‍.എസ് ടെക്‌നിക്കല്‍ ഓഫീസര്‍ രാജ് കുമാര്‍ എന്നിവരാണ് കേന്ദ്രസംഘത്തിലുള്ളത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ അവസാന ദിനമായ ഇന്നലെ (ജൂണ്‍ 25) പുല്ലമ്പാറ ഗ്രാമപഞ്ചായത്തിലെ നീരുറവ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ സന്ദര്‍ശിച്ച സംഘം കളരിവനത്തില്‍ ഓര്‍മ്മക്കായി വൃക്ഷ തൈകളും നട്ടു. ജില്ലാ ഭരണകൂടത്തിന് വേണ്ടി തൊഴിലുറപ്പ് പദ്ധതി ജില്ല എഞ്ചിനീയര്‍ ദിനേശ് പപ്പന്‍, ഭൂജല വകുപ്പ് ഉദ്യോഗസ്ഥ സാന്റി, ജോയിന്റ് ബി.ഡി.ഒ സുചിത്രന്‍ എന്നിവരും കേന്ദ്ര സംഘത്തെ അനുഗമിച്ചു.