ജനകീയാസൂത്രണ പദ്ധതിയിലെ വിവിധ ആനുകൂല്യങ്ങള്‍ വിതരണം ചെയ്തു

ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്തില്‍ ഭൂരഹിതരായ ഇരുപത്തിയഞ്ച് പേര്‍ക്ക് സ്വന്തമായി ഭൂമിയെന്ന സ്വപ്നം യഥാര്‍ഥ്യമായി. പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും അമ്പത് ലക്ഷം രൂപ വിനിയോഗിച്ച് വാങ്ങിയ ഭൂമിയുടെ ആധാരം വി. ശശി എം.എല്‍.എ വിതരണം ചെയ്തു. ലൈഫ് പദ്ധതി പ്രകാരം ഓരോ ഗുണഭോക്താവിനും രണ്ട് സെന്റ് വസ്തുവാണ് ലഭിച്ചത്. അതോടൊപ്പം ജനകീയാസൂത്രണ പദ്ധതികളുടെ ആനുകൂല്യ വിതരണോദ്ഘാടനവും നടന്നു. സുതാര്യമായ പദ്ധതി ആസൂത്രണവും നിര്‍വഹണവുമാണ് ചിറയിന്‍കീഴില്‍ നടക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ആനുകൂല്യങ്ങള്‍ നല്‍കുന്നതിനൊപ്പം പഞ്ചായത്ത് തലത്തില്‍ തൊഴില്‍ സാദ്ധ്യതകള്‍ വര്‍ധിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കും പട്ടികജാതി വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുമുള്ള ലാപ്‌ടോപ് വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ഷൈലജ ബീഗവും ജില്ലാപഞ്ചായത്തംഗം ആര്‍. സുഭാഷും ചേര്‍ന്ന് നിര്‍വഹിച്ചു. ശുചിത്വമിഷനും പഞ്ചായത്തും സംയുക്തമായി ഹരിതകര്‍മ്മ സേനയ്ക്ക് വാങ്ങിയ ഇലക്ട്രിക് വാഹനത്തിന്റെ താക്കോല്‍ദാനം ശുചിത്വമിഷന്‍ ഡിസ്ട്രിക്ട് കോര്‍ഡിനേറ്റര്‍ എ. ഫൈസി നിര്‍വഹിച്ചു. കൂടാതെ ശുചിത്വ കേരള മിഷന്‍ പദ്ധതിപ്രകാരം വാങ്ങിയ 200 ബയോകമ്പോസ്റ്റ് ബിന്‍ വിതരണവും നടന്നു. അടുത്തഘട്ടത്തില്‍ ആയിരം പേര്‍ക്ക് ബയോ കമ്പോസ്റ്റ് ബിന്‍ വിതരണം ചെയ്യും.

ഗ്രാമസഭകളിലൂടെ അര്‍ഹതപ്പെട്ട ഗുണഭോക്താക്കളെ സുതാര്യമായാണ് തെരഞ്ഞെടുത്തതെന്നും ചിറയിന്‍കീഴ് പഞ്ചായത്തിനെ സമ്പൂര്‍ണ ശുചിത്വ പഞ്ചായത്ത് ആക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മുരളി പറഞ്ഞു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് ആര്‍. സരിത, വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ – ഹരിതകര്‍മ്മ സേന പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.