കൊച്ചി: കൊച്ചി രാജേന്ദ്രമൈതാനിയില്‍ ജിസിഡിഎയുടെ നേതൃത്വത്തില്‍ ലേസര്‍ ഷോ വീണ്ടും ആരംഭിച്ചു. പ്രൊഫ. എം.കെ. സാനു ലേസര്‍ ഷോ ഉദ്ഘാടനം ചെയ്തു. വിജ്ഞാനത്തോടൊപ്പം വിനോദവും ഉല്ലാസവും പകരുന്ന ഈ ഉദ്യമം ശ്രദ്ധേയമാണ്. സായാഹ്നങ്ങളില്‍ മാനസികോല്ലാസത്തിനും ഉത്തമമാണ് ഇത്തരം കേന്ദ്രങ്ങളെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയുടെ മുഖമുദ്രയായ സ്ഥലത്താണ് ഏറെ പുതുമകളോടെ ലേസര്‍ ഷോ പുനരവതരിപ്പിച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞു.

ദിവസവും വൈകിട്ട് ആറു മുതല്‍ 9 മണി വരെയാണ് ലേസര്‍ ഷോ നടക്കുന്നത്. പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യമാണ്. ആര്‍ട്ട് ഓഫ് ക്രിയേഷന്‍ കമ്പനിക്കാണ് ലേസര്‍ ഷോയുടെ നടത്തിപ്പ് ചുമതല. 19 ലക്ഷം രൂപ ചെലവില്‍ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കിയാണ് ലേസര്‍ ഷോ പുനരവതരിപ്പിച്ചിരിക്കുന്നത്. 10 ഫുഡ് കൗണ്ടറുകള്‍ക്കും ഇവിടെ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പത്ത് വ്യത്യസ്ത ഭക്ഷണ ഇനങ്ങള്‍ ലഭ്യമാകുന്ന കൗണ്ടറുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്.

ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍, കേരള ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തര്‍, ജിസിഡിഎ സെക്രട്ടറി ഉഷകുമാരി, മുന്‍ സെക്രട്ടറി മോന്‍സ് ജോസഫ്, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാപ്ഷന്‍: രാജേന്ദ്രമൈതാനിയില്‍ ആരംഭിച്ച ലേസര്‍ ഷോയ്ക്ക് പ്രൊഫ. എം.കെ. സാനു തുടക്കം കുറിക്കുന്നു. ഹൈബി ഈഡന്‍ എംഎല്‍എ, ജിസിഡിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍, കൗണ്‍സിലര്‍ കെ.വി.പി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ സമീപം.