മുളന്തുരുത്തി: സാങ്കേതിക തടസങ്ങള്‍ പരിഹരിച്ച് ജനങ്ങളുടെ ന്യായമായ പരാതികള്‍ക്ക് ഉടനടി പരിഹാരം കണ്ട്  പഞ്ചായത്തുതല ജനസമ്പര്‍ക്കം. പഞ്ചായത്തുകളില്‍ സദ്ഭരണസംവിധാനം ശക്തിപ്പെടുത്തുന്നതിനായുള്ള വിവിധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ്  ജനസമ്പര്‍ക്കം നടക്കുന്നത്.  അഴിമതിമുക്ത ജനസൗഹൃദ സദ്ഭരണ ഗ്രാമപഞ്ചായത്തുകള്‍ എന്ന വിഷയത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളും വിവിധ മത്സരങ്ങളും പഞ്ചായത്ത് വിജിലന്‍സ് വാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്നു. പഞ്ചായത്തിന്റെ വിവിധ സേവനങ്ങളെക്കുറിച്ചുള്ള പൊതുജന അഭിപ്രായവും നിര്‍ദേശങ്ങളും ജനസമ്പര്‍ക്ക പരിപാടിയില്‍ സ്വീകരിക്കും.
മുളന്തുരുത്തി ബ്ലോക്കിന് കീഴിലുള്ള ഉദയംപേരൂര്‍ പഞ്ചായത്തില്‍ ഇന്നലെ വൈകിട്ട് മൂന്നുമണിക്ക് പ്രസിഡന്റ് ജോണ്‍ ജേക്കബിന്റ നേതൃത്വത്തില്‍ നടന്ന  ജനസമ്പര്‍ക്ക പരിപാടിയില്‍ 29 പരാതികളാണ് ലഭിച്ചത്. വിവിധ കാരണങ്ങളാല്‍  വീട്ടുനമ്പര്‍ കൊടുക്കുവാന്‍ കഴിയാതിരുന്നതും റസിഡന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയാതിരുന്നതുമായ അപേക്ഷകളിന്മേല്‍ അതിവേഗ തീര്‍പ്പുകല്‍പ്പിക്കാന്‍ ജനസമ്പര്‍ക്കത്തിനായി. പഞ്ചായത്ത് കമ്മിറ്റി ചേര്‍ന്ന് തീരുമാനമെടുക്കേണ്ട പരാതികള്‍ കമ്മിറ്റി ചേര്‍ന്ന് പരിഗണിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. വൈസ് പ്രസിഡന്റ് ജയ കേശവദാസ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. എസ് ജയകുമാര്‍, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.വി ലോഹിതദാസ്, പഞ്ചായത്ത് സെക്രട്ടറി റീന റാഫേല്‍, പഞ്ചായത്ത് അംഗം കെ.എസ് ദേവരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാമ്പാക്കുട ബ്ലോക്കിന് കീഴില്‍ പാമ്പാക്കുട പഞ്ചായത്തില്‍ പ്രസിഡന്റ് സുഷമ മാധവന്റെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്കത്തില്‍ പഞ്ചായത്തിലെ വിവിധ പദ്ധതികളില്‍ പൊതുജന അഭിപ്രായം ആരാഞ്ഞു. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീയും എക്‌സൈസുമായി ചേര്‍ന്ന് നടത്തിയ മദ്യവിമുക്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്.
സ്വച്ഛ് സര്‍വേക്ഷണ്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചിത്വമിഷനുമായി ചേര്‍ന്ന് പഞ്ചായത്ത് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുവാനും  തീരുമാനിച്ചു. വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി പായിപ്ര യൂണിറ്റിന് കീഴില്‍ സംഘടിപ്പിച്ച മത്സരത്തില്‍ പാമ്പാക്കുട പഞ്ചായത്തിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജീവനക്കാരി മിസ.എസ്, പഞ്ചായത്ത് അംഗം അമ്മിണി ജോര്‍ജ് എന്നിവര്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കി.  ചടങ്ങില്‍ വൈസ് പ്രസിഡന്റ് തങ്കച്ചന്‍ കുര്യാക്കോസ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സിന്ധു ജോര്‍ജ്, സെക്രട്ടറി എന്‍.രവികുമാര്‍, പഞ്ചായത്ത് അംഗങ്ങളായ സുമ ഗോപി, ഷീല ബാബു, എന്‍.ആര്‍ സാജു, ഒ.എം. ചെറിയാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
ക്യാപ്ഷന്‍: പഞ്ചായത്ത് വിജിലന്‍സ് വാരാചരണത്തിന്റെ ഭാഗമായി പാമ്പാക്കുട പഞ്ചായത്തില്‍  പ്രസിഡന്റ് സുഷമ മാധവന്റെ നേതൃത്വത്തില്‍ നടന്ന ജനസമ്പര്‍ക്കം