മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി അപകടകരമാംവിധം നിൽക്കുന്ന ഇലക്ട്രിക്കൽ പോസ്റ്റുകൾ നീക്കം ചെയ്യാൻ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കെഎസ്ഇബി യ്ക്ക് നിർദേശം നൽകി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിലാണ് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകിയത്. അതോടൊപ്പം റോഡരികില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍, ശിഖരങ്ങള്‍, കാഴ്ച മറയ്ക്കുന്ന സസ്യങ്ങള്‍, എന്നിവ നീക്കം ചെയ്യുവാന്‍ പൊതുമരാമത്ത് റോഡ്‌സ്, എന്‍.എച്ച്., എല്‍.എസ്.ജി.ഡി എന്നിവര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു. കൂടാതെ റോഡുകളുടെ വശങ്ങളിലുള്ള ഓടകള്‍ വൃത്തിയാക്കുന്നതിനും അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കണം. ഡാമുകളിലെ ജലനിരപ്പും മന്ത്രി യോഗത്തിൽ അവലോകനം ചെയ്തു.
യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ്, എഡിഎം ഷൈജു പി. ജേക്കബ്, ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ, വിവിധ വകുപ്പ് തല മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.