സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 55 വയസ്സിനു താഴെ പ്രായമുള്ള വിധവകളായ സ്ത്രീകൾക്ക് സ്വയംതൊഴിൽ ചെയ്ത് വരുമാനം കണ്ടെത്താൻ ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയാണ് സഹായഹസ്തം. 2018-2019 മുതൽ വനിതാശിശു വികസന വകുപ്പ് നടപ്പാക്കിവരുന്ന പദ്ധതി ഒരു വർഷം ഒരു ജില്ലയിൽ 10 പേർക്കെന്ന നിലയിലാണ് ധനസഹായം നൽകുന്നത്. ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള 55 വയസ്സിൽതാഴെ പ്രായമുള്ള വിധവകളുടെ കുടുംബത്തിന്റെ പുനരധിവാസത്തിനുള്ള പദ്ധതിയായാണ് സഹായഹസ്തം സർക്കാർ അവതരിപ്പിച്ചത്.

സഹായഹസ്തം പദ്ധതിയിൽ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്താൻ ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യൂവേഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

സംരംഭം ഒറ്റയ്ക്കോ സംഘമായോ (വനിതാ കൂട്ടായ്മ, കുടുംബശ്രീ, വിധവ സംഘം) നടത്താം. കുടുംബശ്രീ യൂണിറ്റുകൾ, സ്വയം സഹായ സംഘങ്ങൾ, വനിത കൂട്ടായ്മകൾ തുടങ്ങിയവയിൽ ഉൾപ്പെട്ടവർക്ക് മുൻഗണനയുണ്ട്.

ഗുണഭോക്താവിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. (ബിപിഎൽ / മുൻഗണന വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് മുൻഗണന).

18 വയസ്സിൽ താഴെയുള്ള കുട്ടികൾ ഉള്ള വിധവകൾക്ക് മുൻഗണന. ഭിന്നശേഷിക്കാരായ മക്കളുള്ളവർ, പെൺകുട്ടികൾ മാത്രമുള്ളവർ എന്നിവർക്ക് മുൻഗണന.

ആശ്വാസകിരണം പെൻഷൻ, വിധവാപെൻഷൻ ലഭിക്കുന്നവർക്കും അപേക്ഷിക്കാം.

തദ്ദേശസ്വയംഭരണ സ്ഥാപനം വഴിയോ സർക്കാർ തലത്തിലോ സ്വയംതൊഴിൽ ചെയ്യുന്നതിന് ധനസഹായം ലഭിച്ചിട്ടുള്ള വിധവകൾ ആനുകൂല്യത്തിന്  അർഹരല്ല.

സഹായഹസ്തം പദ്ധതി പ്രകാരം മുൻവർഷം ധനസഹായം ലഭിച്ചവർ അപേക്ഷിക്കാൻ പാടില്ല. അതേസമയം മുൻവർഷം അപേക്ഷിച്ചിട്ട് ധനസഹായം ലഭിക്കാതിരുന്ന അർഹരായ ഗുണഭോക്താക്കൾ ഉണ്ടെങ്കിൽ അവർക്ക് മുൻഗണന നൽകും.

വിധവകളെ കൂടാതെ വിവാഹമോചിതർ, ഭർത്താവ് ഉപേക്ഷിക്കപ്പെട്ടവർ എന്നിവരും ഈ ധനസഹായത്തിന് അർഹരാണ്.

ഓരോ വർഷവും ശിശുവികസന പദ്ധതി ഓഫീസർ മുഖേന അപേക്ഷകൾ സ്വീകരിച്ച് ജില്ലാതല മോണിറ്ററിംഗ് ആന്റ് ഇവാല്യുവേഷൻ കമ്മിറ്റിയാണ് അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നത്.