ആര്‍ദ്രം മിഷന്റെ രണ്ടാംഘട്ട പദ്ധതിയില്‍ ഏകാരോഗ്യം പദ്ധതിക്ക് സുപ്രധാനമായ സ്ഥാനമാണ് ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. മൂന്നാറില്‍ നടന്ന ദേവികുളം ബ്ലോക്ക്തല ആരോഗ്യ മേളയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പരിസ്ഥിതി, മൃഗാരോഗ്യം, മനുഷ്യാരോഗ്യം എന്നിവയുടെ സംയുക്ത പ്രവര്‍ത്തനം വഴി സമ്പൂര്‍ണ്ണ ആരോഗ്യം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്ത് ആദ്യമായി കേരളത്തിലാണ് ഏകാരോഗ്യം പദ്ധതി നടപ്പിലാക്കുന്നത്. മനുഷ്യന്റെയും മൃഗങ്ങളുടെയും ആരോഗ്യം പരിസ്ഥിതിയുമായി ബന്ധപ്പെട്ടതാണ്. ആ തിരിച്ചറിവിലേക്കാണ് നമ്മളെ നയിക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ സന്ദേശ റാലിയോടെയായിരുന്നു മേളക്ക് തുടക്കം കുറിച്ചത്. അഡ്വ. എ. രാജ എംഎല്‍എ റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. വര്‍ണ്ണാഭമായ റാലിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം വാദ്യമേളങ്ങളുടെ അകമ്പടിയോടെ പങ്ക് ചേര്‍ന്നു. തുടര്‍ന്ന് നടന്ന ഉദ്ഘാടന ചടങ്ങില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി അധ്യക്ഷത വഹിക്കുകയും ഭദ്ര ദീപം തെളിയിക്കുകയും ചെയ്തു. മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങള്‍ എല്ലാവരുടെയും ഭാഗത്തു നിന്നുണ്ടാകുന്നുണ്ടെന്നും നല്ലൊരു ജീവിത ശൈലി കൈവരിച്ചാല്‍ അസുഖങ്ങള്‍ ഒരു പരിധിവരെ കുറക്കാമെന്നും അഡ്വ. ഡീന്‍ കുര്യാക്കോസ് പറഞ്ഞു. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആനന്ദറാണി ദാസ് ഏകാരോഗ്യം പദ്ധതിയുടെ ദേവികുളം ബ്ലോക്ക് തല ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ സംബന്ധമായ വിവിധ സര്‍ക്കാര്‍ പദ്ധതികളെ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ആളുകള്‍ക്കിടയില്‍ കാലികമായ ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ടാണ് ആരോഗ്യമേളകള്‍ സംഘടിപ്പിക്കുന്നത്. മൂന്നാര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ ആരോഗ്യമേളയ്ക്ക് വലിയ പൊതുജന പങ്കാളിത്തം ലഭിച്ചു. അലോപ്പതി, ആയുര്‍വ്വേദം, ഹോമിയോ വിഭാഗങ്ങളുടെ സ്റ്റാളുകളും എക്സിബിഷനുകളും സ്‌ക്രീനിംഗ് ക്യാമ്പുകള്‍ക്കുമൊപ്പം ഇതരവകുപ്പുകളുടെ പ്രദര്‍ശനവും മേളയിൽ ഉണ്ടായിരുന്നു. വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ നടന്നു. ആദിവാസി വിഭാഗക്കാരുടെ കൂത്തടക്കമുള്ള കലാപരിപാടികളും ഫുട്ബോള്‍ അടക്കമുള്ള കായികപ്രദര്‍ശന മത്സരങ്ങളും മേളയോടനുബന്ധിച്ച് അരങ്ങേറി. ദേവികുളം സബ്കളക്ടര്‍ രാഹുല്‍കൃഷ്ണ ശര്‍മ്മ മുഖ്യപ്രഭാഷണം നടത്തി.
