സംസ്ഥാനത്തെ നിർഭയ ഹോമുകളിലുള്ള പെൺകുട്ടികൾക്ക് തൊഴിലധിഷ്ഠിത പരിശീലനം നൽകുന്നതിനുള്ള കേന്ദ്രമാണ് തേജോമയ. പോക്സോ അതിജീവിതരായ കുട്ടികൾ താമസിക്കുന്ന ഓരോ ജില്ലകളിലെയും നിർഭയ ഹോമുകളിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് എറണാകുളത്ത് പ്രവർത്തിക്കുന്ന തോജോമയ കേന്ദ്രത്തിൽ പരിശീലനം നൽകുന്നത്. വനിതാ ശിശു വികസന വകുപ്പിന് കീഴിലാണ് കേന്ദ്രം പ്രവർത്തിക്കുന്നത്.
ഒരു ബാച്ചിൽ 19 കുട്ടികൾക്കാണ് വിവിധ തൊഴിൽ മേഖലകളിൽ ആവശ്യമായ പരിശീലനം നൽകുന്നത്. പഠനം തുടരാൻ താല്പര്യമില്ലാത്ത, എന്നാൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയാണ് തേജോമയ കേന്ദ്രത്തിൽ പരിശീലനം നൽകുന്നത്. രണ്ടു വർഷ കാലയളവിലാണ് ഒരു ബാച്ചിന് പരിശീലനം.
പ്രാഗത്ഭ്യം തെളിയിക്കുന്നവർക്ക് വരുമാനം ലഭിക്കാനുള്ള പ്രവർത്തനങ്ങളും തേജോമയ ചെയ്യുന്നുണ്ട്. തൊഴിൽ പരിശീലനത്തോടൊപ്പം കുട്ടികളിൽ ആത്മവിശ്വാസം, വ്യക്തിത്വ വികസനം എന്നിവ ഉറപ്പാക്കാനും ശ്രദ്ധ നൽകുന്നു. കേക്ക് നിർമാണം, തയ്യൽ, പൗൾട്രി തുടങ്ങിയവയിലൂടെയെല്ലാം കേന്ദ്രത്തിലെ കുട്ടികൾ വരുമാനം കണ്ടെത്തുന്നുണ്ട്.