കരിപ്പൂരിന് അന്താരാഷ്ട്ര വിമാനത്താവളം നഷ്ടമാകാതിരിക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ബന്ധപ്പെട്ട ജനപ്രതിനിധികളും പ്രദേശവാസികളും ഇതിനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. കരിപ്പൂര്‍ വിമാനത്താവള റണ്‍വേ വികസനത്തിനായി ഉന്നതതല സമിതി നിര്‍ദേശിച്ച ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭൂമി ഏറ്റെടുക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ നടത്തിയ യോഗത്തിലെ തീരുമാന പ്രകാരം ആരാധനാലയവും ഖബര്‍സ്ഥാനും റോഡും ഒഴിവാക്കി ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്ത് കൈമാറിയാല്‍ മതിയെന്നാണ് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിട്ടുള്ളത്. ഇത് പ്രകാരം 14.5 ഏക്കര്‍ ഭൂമി ഏറ്റെടുത്താല്‍ മതിയാകും. ഇത് ഏറെ ആശ്വാസകരമാണ്. നേരത്തെ 18.5 ഏക്കറായിരുന്നു ഏറ്റെടുക്കേണ്ടിയിരുന്നത്. ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുനല്‍കിയവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ അതേ പാക്കേജില്‍ തന്നെ കരിപ്പൂരിലും നഷ്ടപരിഹാരം നല്‍കുമെന്നും ആരെയും തെരുവിലിറക്കുന്ന സമീപനം സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.

സാങ്കേതിക സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറങ്ങാന്‍ റണ്‍വേക്ക് ഇരു വശങ്ങളിലുമായി ഭൂമി ഏറ്റെടുക്കല്‍ അനിവാര്യമാണ്. വിമാനത്താവള റണ്‍വേ വികസനം വേഗത്തിലാക്കിയാല്‍ മാത്രമേ കരിപ്പൂരിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്താനും സാധിക്കുകയുള്ളു. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് തടസങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ടി.വി ഇബ്രാഹിം എം.എല്‍എ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ഇതുള്‍പ്പടെ ജനപ്രതിനിധികള്‍ ഉന്നയിച്ച വിവിധ വിഷയങ്ങള്‍ മന്ത്രി പരിഗണിച്ചു.

യോഗത്തില്‍ ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, കെ.പി.എ മജീദ്, കൊണ്ടോട്ടി നഗരസഭ അധ്യക്ഷ സി.ടി ഫാത്തിമത് സുഹറാബി, പള്ളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദാലി, കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍ കെ.പി ഫിറോസ്, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, എയര്‍പോര്‍ട്ട് ഡയറക്ടര്‍ എസ്. സുരേഷ്, എ.ഡി.എം എന്‍.എം മെഹറലി, പള്ളിക്കല്‍ പഞ്ചായത്ത് വാര്‍ഡ് അംഗങ്ങളായ ജമാല്‍ കരിപ്പൂര്‍, കെ. നസീറ, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥര്‍, മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം: ജില്ലാതല പുരോഗതി മന്ത്രി വി. അബ്ദുറഹിമാന്‍ വിലയിരുത്തി

കോവിഡിനെ തുടര്‍ന്നും സാങ്കേതിക പ്രശ്നങ്ങളാലും കെട്ടികിടക്കുന്ന ഫയലുകള്‍ തീര്‍പ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ജില്ലാതല പുരോഗതി കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ വിലയിരുത്തി. ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി ഓരോ വകുപ്പുകളും ഇതുവരെ സ്വീകരിച്ച നടപടികള്‍ മന്ത്രി പരിശോധിച്ചു. ആഗസ്റ്റോടെ നിയമകുരുക്കില്‍പ്പെടാത്ത മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കണമെന്ന് മന്ത്രി വകുപ്പ് മേധാവികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി. നിയമ പ്രശ്നങ്ങളിലുള്ള ഫയലുകളുടെ എണ്ണമെടുക്കാനും അപേക്ഷകളില്‍ സ്വീകരിച്ച നടപടികള്‍ പൊതുജനങ്ങളെ അറിയിക്കാനും മന്ത്രി ജില്ലാതല മേധാവികളോട് ആവശ്യപ്പെട്ടു.

തീവ്രയജ്ഞ പരിപാടി വിജയിപ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി, സഹകരണം, സിവില്‍ സപ്ലൈസ്, എക്സൈസ്, തൊഴില്‍, ഭക്ഷ്യസുരക്ഷ, വന്‍കിട-ചെറുകിട ജലസേചനം, ഭൂജലം, മൈനിങ് ആന്റ് ജിയോളജി തുടങ്ങിയ സര്‍ക്കാര്‍ വകുപ്പുകളുടെ ഫയല്‍ തീര്‍പ്പാക്കല്‍ നടപടികള്‍ മന്ത്രി ചോദിച്ചറിഞ്ഞു. ഫയലുകള്‍ തീര്‍പ്പാക്കുന്നതിനായി ഓരോ വകുപ്പുകളും അദാലത്തുകള്‍ നടത്തുന്ന തിയതി മുന്‍കൂട്ടി അറിയിക്കാന്‍ ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അഭ്യര്‍ത്ഥന മാനിച്ച് അവധി ദിവസങ്ങളില്‍ ജോലി ചെയ്യാന്‍ ഏതാനും ഉദ്യോഗസ്ഥര്‍ സന്നദ്ധ അറിയിച്ചതായും ജില്ലാ കലക്ടര്‍ പറഞ്ഞു. അവലോകന യോഗത്തില്‍ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍, ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ ഫാത്തിമ എന്നിവര്‍ പങ്കെടുത്തു.