ലഹരി വിരുദ്ധ വാരാചരണം ജില്ലാതല ഉദ്ഘാടനം

കൂട്ടായ പ്രവർത്തനത്തിലൂടെ ലഹരിക്കെതിരെ പ്രവർത്തിക്കുകയും എല്ലാ വിഭാഗത്തിലുള്ളവരും പരിശ്രമത്തിൽ പങ്കാളികളാകണമെന്നും കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ പറഞ്ഞു. ജില്ലാ സാമൂഹ്യ നീതി ഓഫീസിന്റെയും നശാ മുക്ത അഭിയാന്റെയും നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ലഹരി വിരുദ്ധ വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം എറണാകുളം സെന്റ്. തെരേസാസ് കോളേജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മേയർ.

ലഹരി വിരുദ്ധ പ്രതിജ്ഞ മേയർ വിദ്യാർത്ഥിനികൾക്ക് ചൊല്ലിക്കൊടുത്തു. ലഹരി വിരുദ്ധ ബോധവത്ക്കരണ റാലിയുടെ ഫ്ലാഗ് ഓഫ് മേയർ നിർവഹിച്ചു.

ലഹരി എന്ന വിപത്ത് സമൂഹത്തിൽ വർദ്ധിച്ചു വരുകയാണെന്നും പ്രതിരോധത്തിന് പ്രാധാന്യം കൊടുക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ വികസന കാര്യ കമ്മീഷ്ണർ എ. ഷിബു പറഞ്ഞു.

ജില്ലാ ജഡ്ജി നിസാർ അഹമ്മദ് മുഖ്യാഥിതി ആയിരുന്നു. കോർപറേഷൻ കൗൺസിലർ മനു ജേക്കബ്, സബ് ജഡ്ജിയും കെൽസ സെക്രട്ടറിയുമായ രഞ്ജിത് കൃഷ്ണൻ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ കെ.കെ. ഉഷ, ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ പി. വി ഏലിയാസ് , സെന്റ് തെരേസാസ് കോളേജ് പ്രിൻസിപ്പൽ ലിസി മാത്യു തുടങ്ങിയവർ പങ്കെടുത്തു.