6.74 കോടി രൂപയുടെ വ്യവഹാരങ്ങൾ തീർപ്പാക്കി

ജില്ലാ നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ താലൂക്ക് നിയമ സേവന കമ്മറ്റികളുടെ നേതൃത്വത്തിൽ നടത്തിയ ദേശീയ ലോക് അദാലത്തിൽ 9518 കേസുകൾ തീർപ്പാക്കി. കോടതികളിൽ നിലവിലുള്ള കേസുകളും ഇതര തർക്കങ്ങളുമാണ് അദാലത്തിൽ പരിഗണിച്ചത്.

6,74,13,214 രൂപയുടെ വിവിധ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. 7224 പെറ്റി കേസുകൾ തീർപ്പാക്കിയതിലൂടെ 88,69,280 രൂപ പിഴയായി ഈടാക്കി.
395 പ്രീ ലിറ്റിഗേഷൻ പെറ്റീഷനുകൾ തീർപ്പാക്കി. ഇതിലൂടെ
3,56,18,434 രൂപയാണ് നഷ്ടപരിഹാരവും മറ്റുമായി വിധിച്ചത്. കെട്ടിക്കിടന്ന 1899 കേസുകളും തീർപ്പാക്കി. 2,29,25,500 രൂപയുടെ വ്യവഹാരമാണ് തീർപ്പാക്കിയത്.

ആകെ 12,000 കേസുകളാണ് പരിഗണിച്ചത്. ബാങ്ക് റിക്കവറി , വാഹനാപകട കേസുകൾ, വിവാഹം , വസ്തു തർക്കങ്ങൾ, ആർ.ടി.ഒ, രജിസ്ട്രേഷൻ വകുപ്പിലെ അണ്ടർ വാല്യൂവേഷൻ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. കോട്ടയം ജില്ലാക്കോടതി സമുച്ചയത്തിൽ നടന്ന അദാലത്തിൽ സംസ്ഥാന നിയമസേവന അതോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനും ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ പങ്കെടുത്തു. ജില്ലാ നിയമസേവന അതോറിറ്റി ചെയർമാനും ജില്ലാ ജഡ്ജിയുമായ എൻ. ഹരികുമാർ, താലൂക്ക് നിയമസേവന കമ്മിറ്റി ചെയർമാനും അഡീഷണൽ ജില്ലാ ജഡ്ജിയുമായ കെ.എൻ സുജിത്ത്, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജിയുമായ എസ്. സുധീഷ് കുമാർ എന്നിവർ നേതൃത്വം നൽകി.