ലഹരിക്കെതിരേ ബൈക്ക് റാലി സംഘടിപ്പിച്ചു

യുവജനങ്ങളിൽ ലഹരി ഉപയോഗം കൂടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബോധവത്ക്കരണത്തിലൂടെ അവരെ മാറിയെടുക്കാനുള്ള യുവജന ബോർഡിന്റെ ശ്രമങ്ങൾ അഭിനന്ദനാർഹമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി പറഞ്ഞു. ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി യുവജന ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരേ സംഘടിപ്പിച്ച ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും മാതാപിതാക്കളും ലഹരിക്കെതിരേയുള്ള പ്രവർത്തനങ്ങളിൽ ഒത്തു ചേർന്ന് പ്രവർത്തിക്കണം. മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ഉപയോഗം സമൂഹത്തെ തകർക്കുമെന്നും നിർമ്മല ജിമ്മി പറഞ്ഞു.

ബൈക്ക് റാലി കോട്ടയം പോലീസ് സ്റ്റേഷൻ മൈതാനത്തിന് സമീപത്തു നിന്നും ആരംഭിച്ച് നാഗമ്പടം – റെയിൽവേ സ്റ്റേഷൻ – കളക്ട്രേറ്റ് വഴി കെ.എസ്.ആർ.ടി സി ബസ് സ്റ്റാൻഡിൽ അവസാനിച്ചു. ഇരുപതോളം പേർ റാലിയിൽ പങ്കെടുത്തു. ഒരു വർഷം നീണ്ട് നിൽക്കുന്ന
ബോധവത്ക്കരണ പരിപാടിയാണ് യുവജന ബോർഡിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരേ സംഘടിപ്പിക്കുന്നത്. ഈ കാലയളവിൽ ജില്ലാതലം മുതൽ വാർഡുതലം വരെ വീടുകൾ തോറും ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കും.

യുവജന ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ അഡ്വ. എസ്.പി. സുജിത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ എസ്. ഉദയകുമാരി, കേരള വോളന്ററി ആക്ഷൻ ഫോഴ്സ് ജില്ലാ ക്യാപ്റ്റൻ എസ്.സി. വിഘ്നേഷ്, യൂത്ത് കോ-ഓർഡിനേറ്റർമാർ എന്നിവർ പങ്കെടുത്തു.