ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്തപ്രതികരണ നടപടികള്‍ സ്വീകരിക്കും

കാലവര്‍ഷക്കെടുതികള്‍ കുറയ്ക്കുന്നതിനായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച് ജില്ലാ ഭരണകൂടം. ഓറഞ്ച് ബുക്ക് പ്രകാരമുള്ള ദുരന്തപ്രതികരണ നടപടികള്‍ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എല്ലാ വകുപ്പുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായി ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ വ്യക്തമാക്കി. പ്രകൃതിക്ഷോഭ സാഹചര്യമുണ്ടായാല്‍ ഓറഞ്ച് ബുക്കില്‍ നിഷ്‌കര്‍ഷിച്ച പ്രകാരം കോളനികള്‍, പുഴയുടെ തീരത്ത് താമസിക്കുന്നവര്‍, മലയുടെ ചരിവുകളിലും ഒറ്റപ്പെട്ട പ്രദേശത്തും താമസിക്കുന്നവര്‍ തുടങ്ങിയ വിഭാഗത്തിപ്പെട്ടവര്‍ക്ക് ഒഴിപ്പിക്കല്‍ സമയത്ത് മുന്‍ഗണ നല്‍കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

വനപ്രദേശങ്ങളിലും കോളനികളിലും ഒറ്റപ്പെട്ട പ്രദേശത്തും താമസിക്കുന്നവര്‍ക്ക് മുന്നറിയിപ്പുകള്‍ കൃത്യമായി എത്തിച്ചു കൊടുക്കുന്നതിന് അധികൃതരെ ചുമതലപ്പെടുത്തിയതായും മണ്‍സൂണ്‍ മുന്നൊരുക്കത്തിന്റെ ഭാഗമായി രണ്ട് തവണ ഡി.ഡി.എം.എ യോഗം ചേരുകയും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മനുഷ്യാധ്വാനത്തിലൂടെയുള്ള 91 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയാക്കിയതായും കടലുണ്ടിപ്പുഴയില്‍ വെള്ളം കുറയുന്നതിന് അനുസരിച്ച് മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പറഞ്ഞു. 2018-19 പ്രളയത്തില്‍ ചാലിയാര്‍ പുഴയിലും കൈവഴികളിലും അടിഞ്ഞുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തികള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും 60 ശതമാനത്തോളം പൂര്‍ത്തിയായെന്നും വന്‍കിട ജലസേചന വിഭാഗം എക്സി. എഞ്ചിനീയര്‍ അറിയിച്ചു. ജൂണ്‍ 14 വരെ 76.78 ശതമാനം എക്കല്‍മണ്ണ് കടലുണ്ടിപ്പുഴയില്‍ നിന്നും കൈവഴികളില്‍ നിന്നുമായി നീക്കം ചെയ്തതായും ജൂണ്‍ 30നകം കടലുണ്ടിപ്പുഴയുടെ ഡിസില്‍റ്റേഷന്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും ചെറുകിട ജലസേചന എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പറഞ്ഞു.

കടല്‍ ക്ഷോഭം തടയുന്നതിനും നാശനഷ്ടങ്ങള്‍ കുറക്കുന്നതിനുമായി വള്ളിക്കുന്ന് പഞ്ചായത്തിലെ ആനങ്ങാടിയില്‍ കടലാക്രമണ പ്രതിരോധ ഭിത്തി നിര്‍മിക്കാന്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തുന്നതിനായി 2.12 കോടി രൂപയുടെ എസ്റ്റിമേറ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്നും അരിയല്ലൂര്‍ പരപ്പാല്‍ ഭാഗത്ത് തീരസംരക്ഷണത്തിനായി പര്യവേക്ഷം നടത്തുന്നതിന് 10 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പുതുക്കിയ ഭരണാനുമതിക്കായി സമര്‍പ്പിച്ചിട്ടുണ്ടെന്നും വന്‍കിട ജലസേചന വിഭാഗം എക്സി. എഞ്ചിനീയര്‍ പറഞ്ഞു. മഴക്കാലത്തിനു മുന്നോടിയായി തീരദേശ മേഖലയില്‍ കടല്‍ക്ഷോഭം തടയുന്നതിനായി ജില്ലയ്ക്ക് അനുവദിച്ച 20 ലക്ഷം രൂപയില്‍ നിന്ന് 10 ലക്ഷം രൂപയുടെ അടിയന്തിര സംരക്ഷണ പ്രവൃത്തിക്ക് ഭരണാനുമതി ലഭിച്ചിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ പൊന്നാനി ഇറിഗേഷന്‍ സബ് ഡിവിഷന്‍ സ്വീകരിച്ചു വരികയാണെന്നും പുതുപൊന്നാനി അഴിമുഖത്ത് അടിഞ്ഞുകൂടിയ മണലും കല്ലും നീക്കം ചെയ്യുന്നതിന് വേണ്ടി 24 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.