ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ യുവജന കേന്ദ്രം ബയോ നാച്ചറൽ ക്ലബ്ബിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച സൈക്കിൾ റാലി മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സമൂഹത്തെ ബാധിച്ചിരിക്കുന്ന ലഹരിയെന്ന അതിഭീകരമായ വിപത്തിനെതിരായി അവബോധം സൃഷ്ടിക്കുന്നത്തിന്റെ ഭാഗമായാണ് യുവജന കേന്ദ്രം ഇത്തരമൊരു റാലി നടത്താൻ തീരുമാനിച്ചതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു. റാലിക്ക് നേതൃത്വം നൽകുന്ന ചെറുപ്പക്കാരായ ആളുകൾ ഈ അവബോധത്തിന്റെ വക്താക്കളാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഉദ്യമങ്ങൾക്ക് സർക്കാരിന്റെ എല്ലാ വിധ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
തെക്കേ ഗോപുര നടയിൽ വച്ച് ആരംഭിച്ച റാലിയിൽ 100 ഓളം പേർ അണിനിരന്നു.
എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസർ പി കെ സുധീരൻ, ഹുസൂർ ശിരസ്തദാർ പ്രാൺ സിങ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ സബിത.സി.ടി, ബയോ നാച്വറൽ ക്ലബ്ബ് പ്രസിഡൻ്റ് ഡോ. കെ എം അബ്ദുൾ സലാം, ടീം കേരള വൈസ് ക്യാപ്റ്റൻ ഘനശ്യാം എന്നിവർ സംസാരിച്ചു.