അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായി ചുള്ളിയോട് അമ്പലക്കുന്ന് കോളനിയില്‍ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഡെപ്യൂട്ടി ഡിഎംഒ ഡോ. പ്രിയാ സേനന്‍ ലഹരിവിരുദ്ധ ക്ലാസ് എടുത്തു. നെന്‍മേനി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുജാത ഹരിദാസ്, വാര്‍ഡ് അംഗം ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. കല്‍പ്പറ്റ എമിലി ഉണര്‍വ് നാടന്‍ കലാ പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ഇരുപതോളം കലാകാരന്മാര്‍ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ചുള്ള സന്ദേശങ്ങള്‍ കൈമാറി. കേരളത്തില്‍ വിവിധ ജില്ലകളില്‍ നടന്നുവരുന്ന മുടിയാട്ടം, പരുന്താട്ടം, കാസര്‍ഗോഡ് ജില്ലയുടെ തനതു കലയായ മംഗലംകളി, വട്ട മുടിയാട്ടം തുടങ്ങിയവയും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. ലഹരിയുടെ ഉപയോഗം മനുഷ്യനെ ഏത് രീതിയില്‍ ബാധിക്കുന്നുവെന്ന വിഷയത്തില്‍ ബോധവല്‍ക്കരണ നാടകവും നടന്നു. കോളനിയിലെ ഇരുന്നൂറിലധികം ആളുകള്‍ പരിപാടിയുടെ ഭാഗമായി.