കാട്ടുതീ മൂലം സ്വാഭാവിക പ്രകൃതി ഇല്ലാതായ വട്ടവട പഞ്ചായത്തിലെ പഴത്തോട്ട ഗ്രാമത്തെ കുറഞ്ഞ കാലയളവിനുള്ളിൽ ഹരിത വസന്തമാക്കി മാറ്റിയെടുത്തതാണ് ഇടുക്കി ജില്ലയിൽ  ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സേപ്പ് പദ്ധതി നടപ്പാക്കിയതിന്റെ പ്രകടമായ മാറ്റമെന്ന് ആനമുടി എഫ്.ഡി.എ. ചീഫ്  എക്‌സിക്യൂട്ടിവ് ഓഫിസറും മൂന്നാർ വൈൽഡ് ലൈഫ് വാർഡനുമായ എസ്.വി. വിനോദ് പറഞ്ഞു. ഇന്ത്യ ഹൈ റേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതി അനുഭവ ജ്ഞാന ശില്പശാലയിൽ പദ്ധതി കൊണ്ടുവന്ന മാറ്റങ്ങൾ ചർച്ച ചെയ്യുന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ണിനും പ്രകൃതിക്കും ദോഷകരമാകുന്ന രീതിയിൽ പ്രദേശത്തു പടർന്നുപിടിച്ചു വളർന്ന വാറ്റിൽ (അക്കെഷ്യ), ഗ്രാൻഡിസ് സസ്യങ്ങൾ ഇല്ലാതാക്കാനും പകരം സ്വാഭാവിക പുൽമേടുകൾ പുനഃസ്ഥാപിക്കാൻ കഴിഞ്ഞതും നേട്ടമാണ്. ഇതിനായി പ്രദേശത്തു രൂപവത്ക്കരിച്ച ഹരിതവസന്തം കമ്മിറ്റി നടത്തിയ ഇടപെടലുകൾ വളരെ വലുതാണ്. 40 അംഗങ്ങളുള്ള ഈ സമിതിയുടെ പ്രവർത്തകർക്കു വേതനം നൽകുന്നത് യു.എൻ.ഡി.പിയാണ്.
2019-ൽ 125 ഏക്കർ സ്ഥലത്താണു കാട്ടുതീയുണ്ടായത്. കാട്ടുതീ അണഞ്ഞ് ഒരാഴ്ച കഴിഞ്ഞതോടെ വാറ്റിൽ, ഗ്രാൻഡിസ് സസ്യങ്ങൾ പടർന്നു പിടിച്ചു. ഈ ഭാഗത്തു ശ്രമകരമായ പ്രവർത്തനങ്ങൾ നടത്തിയാണു സ്ഥലം പ്രകൃതിയോടിണക്കാൻ സാധിച്ചത്. യൂകാലിപ്റ്റസ് മരങ്ങൾ ഉപയോഗിച്ച് വിനോദ സഞ്ചരികൾക്കായി ഹട്ടുകളും ഫർണിച്ചറുകളും നിർമിച്ചത് വഴി വരുമാനം കണ്ടെത്താൻ കഴിഞ്ഞു. ഹരിതവസന്തത്തിന്റെ പ്രവർത്തനങ്ങൾക്കായി ഇത് ഉപയോഗിക്കാൻ കഴിഞ്ഞു.
എന്നാൽ വീണ്ടും കാട്ടുതീ ഉണ്ടായാൽ സ്വാഭാവിക സസ്യ സമ്പത്ത് നശിച്ചുപോകുമെന്ന അവസ്ഥ വെല്ലുവിളിയാണെ ആശങ്കയും അദ്ദേഹം പങ്കുവെച്ചു. പദ്ധതി നടപ്പാക്കുന്നതിന് ഹരിത കേരളം മിഷൻ വലിയ പിന്തുണയാണ് നൽകുന്നത്.