മലമ്പനി പ്രതിരോധത്തിന്റെ ഭാഗമായി കൊതുക് ഉറവിട നശീകരണം ഊര്‍ജിതമാക്കണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കി. പഞ്ചായത്ത് തലത്തില്‍ ശുചികരണത്തിനായി ഉപയോഗിക്കുന്ന ഫണ്ട് വിനിയോഗിക്കണം. ശുചീകരണത്തിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കണം. ജില്ലയില്‍ രോഗവ്യാപനം കുടുതലുള്ള പ്രദേശങ്ങളെ ഹോട്ട് സ്പോട്ട് ഇടങ്ങളായി തരം തിരിച്ചിട്ടുണ്ട്. 2023 ഓടെ മലമ്പനി മുക്ത ജില്ലയായി വയനാടിനെ മാറ്റണം. നിലവില്‍ ജില്ലയില്‍ 4 മലമ്പനി കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ബത്തേരി 2, എടവക 1, മാനന്തവാടി 1 എനിങ്ങനെയാണ് കേസുകളുള്ളത്.
മലമ്പനി മാസാചരണത്തിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കൊതുകുജന്യ രോഗങ്ങളെക്കുറിച്ച് ജനപ്രതിനിധികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ബോധവത്ക്കരണ പരിശീലന ക്ലാസ് നടത്തി. കളക്ട്രേറ്റ് എ.പി.ജെ ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അധ്യക്ഷത വഹിച്ചു. വിവിധ രോഗങ്ങളെക്കുറിച്ചുള്ള, ബോധവത്ക്കരണം, പ്രതിരോധം, നിയന്ത്രണം എന്നിവയെക്കുറിച്ച് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി. ദിനീഷ് വിഷയാവതരണം നടത്തി.
പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ജില്ലാ മലേറിയ ഒഫീസര്‍ സി.സി ബാലന്‍, ജില്ലാ മാസ് മീഡിയാ ഓഫീസര്‍ ഹംസാ ഇസ്മാലി, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.കെ ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.