ജീവിതശൈലി രോഗങ്ങള്‍ കണ്ടെത്തി വിദഗ്ധ ചികിത്സ നല്‍കുന്നതിനായി വാര്‍ഷിക ആരോഗ്യ പരിശോധന പദ്ധതിയുമായി ആരോഗ്യ വകുപ്പ്. മുപ്പതു വയസിനു മുകളിലുള്ള എല്ലാവരുടെയും ജീവിതശൈലി രോഗങ്ങളെക്കുറിച്ചും അതിലേക്ക് നയിക്കുന്ന കാരണങ്ങളെക്കുറിച്ചുമുള്ള വിവരശേഖരണം നടത്തുന്നതിന് ആശാ പ്രവര്‍ത്തകരെ ചുമതലപ്പെടുത്തി. ഇതിനായി ഇ-ഹെല്‍ത്ത് മുഖേന ശൈലി എന്ന പേരില്‍ മൊബൈല്‍ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തില്‍ തുറവൂര്‍, കലവൂര്‍, കഞ്ഞിക്കുഴി, പുറക്കാട്, ചിങ്ങോലി, ഭരണിക്കാവ്, നൂറനാട്, എടത്വ, എരമല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് വിവരശേഖരണം നടത്തുന്നത്. തുടര്‍ന്ന് ജില്ല മുഴുവനും വ്യാപിപ്പിക്കും.

ആശാ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ചാണ് വിവരശേഖരണം നടത്തുന്നത്. ഇത് പ്രാദേശികാടിസ്ഥാനത്തില്‍ ആരോഗ്യ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും ചികിത്സയ്ക്കും ഏറെ സഹായകരമാകും. ആശ പ്രവര്‍ത്തകര്‍ വീടുകളിലെത്തുമ്പോള്‍ കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും ജീവിതശൈലി രോഗവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറി പദ്ധതി വിജയകരമായി നടപ്പാക്കാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.