വാലാങ്കര – അയിരൂര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പുതുക്കി നല്‍കിയ എസ്റ്റിമേറ്റിന് കെ ആര്‍ എഫ് ബി അനുമതി ലഭിച്ചതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 22.7635 കോടി രൂപയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്. നേരത്തെ 19.59 കോടി രൂപയായിരുന്നു. റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് സംരക്ഷണ ഭിത്തിയും മതിലുകളും കെട്ടി നല്‍കേണ്ട അളവുകളില്‍ വന്ന വ്യത്യാസവും  നിര്‍മാണ ചിലവ് ഉയര്‍ന്നതുമാണ് എസ്റ്റിമേറ്റ് പുതുക്കി നല്‍കാന്‍  ഇടയാക്കിയത്. റോഡില്‍ നിന്നിരുന്ന കെഎസ്ഇബി തൂണുകള്‍ മാറ്റാന്‍ കാലതാമസം നേരിട്ടതും നിര്‍മാണത്തെ ബാധിച്ചു.

എഴുമറ്റൂര്‍ – അയിരൂര്‍  പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന 8.3 കി മീ ദൂരം വരുന്ന റോഡിനായി 2017 ലാണ് എസ്റ്റിമേറ്റ് തയാറാക്കിയത്. തുടര്‍ന്ന് റോഡില്‍ ബിഎം നിലവാരത്തിലുള്ള നിര്‍മാണവും നടത്തി. കലുങ്കുകളും സംരക്ഷണഭിത്തികളും നിര്‍മിച്ചിട്ടുണ്ട്. നാട്ടുകാര്‍ സൗജന്യമായി വിട്ടു നല്‍കിയ സ്ഥലം ഉള്‍പ്പെടുത്തി 10 മീറ്റര്‍ വീതിയിലാണ് റോഡ് നിര്‍മിക്കുന്നത്. എന്നാല്‍, റോഡിന്റെ തുടക്കത്തില്‍ നാല് കിലോമീറ്റര്‍ ദൂരം വരുന്ന ഭാഗം വീതി വര്‍ധിപ്പിച്ച് നിര്‍മാണ പ്രവര്‍ത്തികള്‍ നടത്താനുണ്ട്. നാട്ടുകാര്‍  വസ്തു വിട്ടുനല്‍കുന്ന മുറയ്ക്ക് ഇവിടെ വീതി കൂട്ടുമ്പോള്‍ പൊളിച്ചു മാറ്റേണ്ട മതിലുകളും സംരക്ഷണ ഭിത്തികളും പകരം കെട്ടി നല്‍കേണ്ടതുമുണ്ട്. റോഡിന് വീതി വര്‍ധിപ്പിച്ച ശേഷം മാത്രമേ ഇവിടെ കെഎസ്ഇബി ബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കാനാകു.