മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ലക്ഷ്യമിട്ട് ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ) സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് തീരമൈത്രി. 2010ൽ മത്സ്യത്തൊഴിലാളി വനിതകൾക്ക് ജീവനോപാധി പദ്ധതിയെന്ന നിലയിലാണ് തീരമൈത്രി ആവിഷ്‌കരിച്ചത്. ഒൻപത് തീരദേശ ജില്ലകളിലും കോട്ടയം ജില്ലയിലും 12 വർഷമായി വിജയകരമായി നടന്നുവരുന്ന പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളി വനിത പ്രവർത്തകഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭം ആരംഭിക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാുമുള്ള സാമ്പത്തിക സാങ്കേതിക പരിപാലന സഹായങ്ങൾ സാഫ് മുഖേന നൽകിവരുന്നു.

തീരദേശത്തെ 5000 വനിതകൾ ഇന്ന് തീരമൈത്രി പദ്ധതിയിലൂടെ വരുമാനം കണ്ടെത്തുന്നു. സൂക്ഷ്മ സംരംഭങ്ങൾ തുടങ്ങാൻ ആവശ്യമുള്ള സംരംഭകത്വ പരിശീലനം, പദ്ധതി വൈദഗ്ധ്യ പരിശീലനം, സാമ്പത്തിക സഹായം, മാർക്കറ്റിംഗ്, വായ്പ സൗകര്യങ്ങൾ തുടങ്ങി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുന്നു. സുസ്ഥിരത ഉറപ്പാക്കാൻ തീരമൈത്രി മാനേജ്മെന്റ് കൗൺസിൽ, കാറ്റഗറി ഫെഡറേഷനുകൾ, അപ്പെക്സ് ഫെഡറേഷനുകൾ എന്നിവ രൂപീകരിച്ചിട്ടുണ്ട്.

തീരമൈത്രി പദ്ധതിയിലൂടെ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക് പ്രവർത്തന മൂലധനം വർദ്ധിപ്പിക്കാനായി പലിശ രഹിത വർക്കിംഗ് ക്യാപിറ്റൽ റിവോൾവിംഗ് ഫണ്ട് സഹായം നൽകുന്നു. ഗ്രൂപ്പുകളുടെ തിരിച്ചടവിന്റെ ശേഷിയും ശരാശരി വിറ്റുവരവും കണക്കിലെടുത്ത് ഗ്രൂപ്പുകൾക്ക് 25000 രൂപ മുതൽ 75000 രൂപ വരെയും സൂപ്പർമാർക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വരെയും 20 തവണകളായി തിരിച്ചടവ് കണക്കാക്കി പലിശരഹിത വായ്പയായി നൽകും. പഞ്ചായത്തുകളിൽ രൂപീകരിച്ച തീരമൈത്രി മാനേജ്മെന്റ് കൗൺസിലുകൾ മുഖേനയാണ് യൂണിറ്റുകളുടെ തിരിച്ചടവ് ഉറപ്പാക്കുന്നത്.

തീരമൈത്രി പദ്ധതിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഗ്രൂപ്പുകൾക്ക് അവരുടെ സാങ്കേതികവിദ്യാ നവീകരണത്തിനും തേയ്മാനം സംഭവിച്ച യന്ത്രഭാഗങ്ങൾ മാറ്റിസ്ഥാപിക്കാനും പുതിയവ ചേർക്കാനും ധനസഹായം നൽകുന്നുണ്ട്. സാങ്കേതിക നവീകരണ പദ്ധതി എന്ന സ്‌കീമിന് കീഴിലാണ് ഈ ധനസഹായം. ഒരു ഗ്രൂപ്പിന് പരമാവധി 50,000 രൂപ വരെ തിരിച്ചടവില്ലാത്ത ഗ്രാന്റായി നൽകും.

ആക്ടിവിറ്റി ഗ്രൂപ്പുകളെ ബിസിനസ് ഗ്രൂപ്പുകളായി ഉയർത്തുന്നതിന്റെ ഭാഗമായി ഗ്രൂപ്പുകൾക്ക് ബാങ്കിൽ നിന്നും 5 ലക്ഷം രൂപ വരെ ലോൺ ലഭ്യമാകാൻ സാഹചര്യമൊരുക്കുന്നു. ഇങ്ങനെ ലോണായി വാങ്ങുന്ന തുകയ്ക്ക് അഞ്ച് ശതമാനം നിരക്കിൽ പലിശ സബ്സിഡി നൽകും.

മത്സ്യത്തൊഴിലാളി സ്ത്രീകൾക്ക് തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുംമുമ്പ് അവരെ പ്രാപ്തരാക്കാൻ വിവിധ കപ്പാസിറ്റി ബിൽഡിംഗ് ട്രെയിനിംഗ് പ്രോഗ്രാമുകൾ സാഫ് സംഘടിപ്പിക്കുന്നു. അച്ചീവ്മെന്റ് മോട്ടിവേഷൻ ട്രെയിനിംഗ്, മാനേജ്മെന്റ് ട്രെയിനിംഗ്, ബുക്ക്കീപ്പിംഗ് ആൻഡ് അക്കൗണ്ടിംഗ് ട്രെയിനിംഗ് തുടങ്ങിയവ ഇതിൽപ്പെടുന്നു. സംരംഭം നല്ല രീതിയിൽ മുന്നോട്ടുകൊണ്ട് പോകാൻ സ്‌കിൽ ട്രെയിനിങ്ങുകൾ നൽകും. പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സ്‌കിൽ അപ്ഗ്രെഡേഷൻ ട്രെയിനിങ്ങുകൾ ആവശ്യമുള്ള ഗ്രൂപ്പുകൾക്ക് നൽകുന്നു.

യൂണിറ്റുകളുടെ ഉത്പന്നങ്ങൾക്ക് മാർക്കറ്റ് കണ്ടെത്താനും വിറ്റഴിക്കാനും മേളകളിലും എക്സിബിഷനുകളിലും യൂണിറ്റുകളെ പങ്കെടുപ്പിക്കുകയും സാഫ് വഴി മേളകൾ നടത്തുകയും ചെയ്യുന്നു.

സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകളുടെ സുസ്ഥിര നിലനിൽപ്പിനായി പ്രവർത്തിക്കുന്ന അപ്പെക്സ് ഫെഡറേഷനു കീഴിൽ ടെയ്ലറിംഗ് ആന്റ് ഗാർമെന്റ്സ്, ഫിഷ് ആൻഡ് ഫിഷ് പ്രോസസിംഗ്, ഫുഡ് ആൻഡ് ഫുഡ് പ്രോസസിംഗ്, സൂപ്പർമാർക്കറ്റ് ആൻഡ് റീട്ടെയിൽ സ്റ്റോറുകൾ, സർവീസ് ആൻഡ് അദേഴ്സ് എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളിൽ ഫെഡറേഷനുകൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ കാറ്റഗറി ഫെഡറേഷനുകളുടെയും വികസനത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇതിൽ ഗാർമെന്റ്സ് കാറ്റഗറി ഫെഡറേഷനു കീഴിലാണ് ഏറ്റവും കൂടുതൽ യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. നിലവിൽ 450 ഓളം ഗ്രൂപ്പുകൾ അംഗങ്ങളായിട്ടുണ്ട്.

കോവിഡ് 19 പശ്ചാത്തലത്തിൽ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന തീരമൈത്രി യൂണിറ്റുകൾക്ക് 3 വർഷ തിരിച്ചടവ് കാലാവധിയിൽ 2 മുതൽ 5 വരെ അംഗങ്ങളുള്ള തീരമൈത്രി യൂണിറ്റുകൾക്ക് ഒരംഗത്തിനു 50000 രൂപ എന്ന കണക്കിൽ 2 ലക്ഷം രൂപ വരെ ലോൺ നൽകി. 498 തീരമൈത്രി യൂണിറ്റുകൾക്കായി 6.64 കോടി രൂപ കേരള ബാങ്കിൽ നിന്നും ദീർഘകാല വായ്പ അനുവദിച്ചിട്ടുണ്ട്. 1600 ഓളം ചെറുകിട സംരംഭങ്ങൾ പദ്ധതി പ്രകാരം പ്രവർത്തിക്കുന്നു.