വൈവിദ്ധ്യമുള്ള 70 ഇനം വിത്തുകൾ സംരക്ഷിക്കാനായതിനെക്കുറിച്ചാണ് സലിം അലി ഫൗണ്ടേഷൻ  കോർഡിനേറ്റർ ഇല്യാസ്, ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ് സ്‌കേപ്പ് പദ്ധതിയിലെ അനുഭവ ജ്ഞാന ശില്പശാലയിൽ വിശദീകരിച്ചത്. ഇടുക്കി ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഭക്ഷ്യ കൃഷി ഇല്ലാതാകുന്ന അവസ്ഥ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ഉദ്യമത്തിന് മുന്നിട്ടിറങ്ങിയത്.
ചെറു ധാന്യങ്ങൾ, കിഴങ്ങുവർഗ്ഗങ്ങൾ എന്നിവ ശേഖരിച്ച് കർഷകർക്കിടയിൽ വിത്തുകൈമാറ്റം നടത്തി. അടിമാലി, കാന്തല്ലൂർ, മറയൂർ എന്നിവിടങ്ങളിൽ 55 ഏക്കർ തരിശുനിലത്ത് കൃഷി പുനരാരംഭിക്കുകയും ചെയ്തു.
കുട്ടമ്പുഴ, കാന്തല്ലൂർ എന്നിവിടങ്ങളിൽ  നേരത്തെ ഉണ്ടായിരുന്ന കിഴങ്ങ് വിളകൾ വീണ്ടും സജീവമാക്കാൻ ഇടപെടലുകൾക്ക് സാധിച്ചു. അടിമാലി, പെട്ടിമുടി എന്നിവിടങ്ങളിൽ തനത് നെൽ വിത്തുകൾ സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തിയതും വിജയം കണ്ടു. കർഷകരുടെ സഹകരണം ഉറപ്പായതോടെ മൂല്യ വർധിത ഉത്പന്നങ്ങൾ തയ്യാറാക്കാൻ പ്രത്യേക ഇടപെടൽ നടത്തിയതും ഗുണകരമായി.