വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്തിൽ വാതിൽപടി സേവനം പരിശീലന പരിപാടി സംഘടിപ്പിച്ചു. ആശ പ്രവർത്തകർ, സന്നദ്ധസേന വോളണ്ടിയർമാർ എന്നിവരുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ അർഹരായവരുടെ വീട്ടുപടിക്കൽ എത്തിക്കുന്ന പദ്ധതിയാണ് വാതിൽപ്പടി സേവനം. 60 വയസ്സിന് മുകളിലുള്ളവർ, ഭിന്നശേഷിക്കാർ, കിടപ്പുരോഗികൾ, ചലന പരിമിതി അനുഭവിക്കുന്നവർ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. പരിശീലന പരിപാടി ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീലാ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഡി അജിത് അധ്യക്ഷത വഹിച്ചു.

ലൈഫ് സർട്ടിഫിക്കറ്റ്, മസ്റ്ററിംങ്, സാമൂഹ്യ സുരക്ഷ പെൻഷൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷ, ജീവൻരക്ഷാ മരുന്നുകൾ എന്നിവയാണ് ആദ്യ ഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന സേവനങ്ങൾ. മുൻ അഴുത ബിഡിഒ എം ഹരിദാസ് പരിശീലന ക്ലാസ് നയിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ മണികണ്ഠൻ, പ്രതിഭ, അയ്യപ്പദാസ് തുടങ്ങിയവർ പരിശീലനപരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.