സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഇടുക്കി ജില്ലാ ആഫീസിന്റെ നേതൃത്വത്തില്‍ നടത്തിയ പതിനാറാമത് ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. 2007 മുതല്‍ ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ പിതാവായ പ്രൊഫ. പി സി മഹലനോബിസിന്റെ ജന്മദിനമായ ജൂണ്‍ 29 എല്ലാ വര്‍ഷവും ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നതായും നയരൂപീകരണത്തിലും ആസൂത്രണ പ്രക്രിയയിലും സ്ഥിതിവിവരക്കണക്കുകളുടെ പ്രാധാന്യം എന്താണ് എന്നതിനെക്കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യമെന്നും കളക്ടര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഇടുക്കി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി കെ അജിത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.

ഈ വര്‍ഷത്തെ ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിന്റെ പ്രതിപാദ്യവിഷയമായ ”ഡാറ്റാ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്പ്മെന്റ്’ എന്ന വിഷയത്തില്‍ കോതമംഗലം എം.എ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. നിധി പി രമേഷ് വിഷയാവതരണം നടത്തി. ജില്ലാ പ്ലാനിംഗ് ആഫീസര്‍ ഡോ. സാബു വര്‍ഗ്ഗീസ്, ജില്ലാ ടൗണ്‍ പ്ലാനിംഗ് ആഫീസര്‍ ജിനുമോള്‍ വര്‍ഗ്ഗീസ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ചാക്കോ വര്‍ഗ്ഗീസ്, അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മീഷണര്‍ ശ്രീലേഖ സി, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ഇടുക്കി ജില്ലാ ആഫീസര്‍ സി. എന്‍. രാധാകൃഷ്ണന്‍, റിസര്‍ച്ച് ആഫീസര്‍ ജലജകുമാരി വി. പി, തുടങ്ങി വകുപ്പിലെ ജീവനക്കാരും ജില്ലാ പ്ലാനിംഗ് ആഫീസിലെ ജീവനക്കാരും പങ്കെടുത്തു.