ജൂലൈ 1 ഡോക്ടേഴ്സ് ദിനം

ഡോക്ടർമാരുടെ സേവന സന്നദ്ധത ആരോഗ്യ മേഖലയ്ക്ക് അഭിമാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡോക്ടർമാരുടെ സേവനത്തിന്റെ മാഹാത്മ്യം സമൂഹത്തെ ഏറ്റവും കൂടുതൽ ബോധ്യപ്പെടുത്തുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. സാമൂഹിക പ്രതിബദ്ധതയും അർപ്പണ മനോഭാവവുമുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ കഠിന പ്രയത്നംകൊണ്ടാണ് കോവിഡ് പോലെയുള്ള മഹാമാരികളെ പ്രതിരോധിക്കാനായതെന്നും മന്ത്രി പറഞ്ഞു. ഡോക്ടേഴ് ദിന സന്ദേശത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

ആരോഗ്യ സ്ഥാപനങ്ങൾക്കും ഡോക്ടർമാർക്കും മറ്റ് ജീവനക്കാർക്കും നേരെ ഒരു തരത്തിലുള്ള ആക്രമണങ്ങളും പാടില്ല. നമ്മുടെ പ്രിയപ്പെട്ടവരുടെ ജീവൻ രക്ഷിക്കാനായി പ്രയത്നിക്കുന്നവരാണവർ. അവർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷമൊരുക്കണം. ചെറിയ പ്രശ്നങ്ങളുടെ പേരിലുള്ള ഇത്തരം പ്രതികരണങ്ങൾ മറ്റ് രോഗികളെപ്പോലും ബാധിക്കാറുണ്ട്.

ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്ക് ഡോക്ടർമാർ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ദേശീയ ആരോഗ്യ സൂചികയിൽ കേരളം ഇപ്പോഴും ഒന്നാമതാണ്. ഏറ്റവും കുറവ് മാതൃ, ശിശുമരണമുള്ള സംസ്ഥാനവും പബ്ലിക് അഫയേർസ് ഇൻഡക്സിൽ ഏറ്റവും മികച്ച സംസ്ഥാനവുമാണ്. 146 ആരോഗ്യ സ്ഥാപനങ്ങൾക്കാണ് എൻക്യുഎഎസ് നേടിയെടുക്കാനായത്. രോഗീ പരിചരണത്തോടൊപ്പം ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായും പ്രവർത്തിക്കുന്നവരാണ് നമ്മുടെ ഡോക്ടർമാർ. എല്ലാ ഡോക്ടർമാർക്കും മന്ത്രി ആശംസകൾ നേർന്നു.