സംസ്ഥാനത്തെ പത്തു ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടിയുള്ള ബൃഹത്തായ ആരോഗ്യ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപ്’ (MEDISEP) ഇന്ന് (ജൂലൈ 1) വൈകിട്ട് നാലിന് തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ധനമന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും. ജീവനക്കാരും പെൻഷൻകാരും അവരുടെ ആശ്രിതരും ഉൾപ്പെടെ മുപ്പത് ലക്ഷത്തിലധികം ആളുകൾക്കാണ് മെഡിസെപ് പദ്ധതിയിലൂടെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

പാർട്ട് ടൈം കണ്ടൺിജന്റ് ജീവനക്കാർ, പാർട്ട് ടൈം അദ്ധ്യാപകർ, എയ്ഡഡ്  സ്‌കൂളുകളിലേതുൾപ്പെടെയുള്ള അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ, പെൻഷൻ/ കുടുംബപെൻഷൻ വാങ്ങുന്നവർ തുടങ്ങിയവരും പദ്ധതിയിലെ അംഗങ്ങളുടെ ആശ്രിതരും ഇതിന്റെ ഭാഗമാകും. സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐശ്ചികാടിസ്ഥാനത്തിൽ പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും ജീവനക്കാർ / പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും മുഖ്യമന്ത്രി,  മറ്റ് മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്‌സണൽ സ്റ്റാഫ്, പേഴ്‌സണൽ സ്റ്റാഫ് പെൻഷൻകാർ / കുടുംബപെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും. 10 ലക്ഷത്തിലധികം വരുന്ന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20 ലക്ഷത്തോളം വരുന്ന ആശ്രിതർക്കും എംപാനൽ ചെയ്യപ്പെട്ടിട്ടുള്ള  സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ആശുപത്രികളിൽ ക്യാഷ്‌ലെസ്സ് ചികിത്സാ സൗകര്യം  ലഭ്യമാകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. മെഡിസെപ് പദ്ധതിയിൽ അംഗങ്ങളാകുന്ന ജീവനക്കാരും  പെൻഷൻകാരും പ്രതിമാസം 500 രൂപയാണ് പ്രീമിയമായി അടയ്‌ക്കേൺണ്ടത്. പദ്ധതിയിൽ അംഗങ്ങളായ ജീവനക്കാർക്കും പെൻഷൻകാർക്കും പദ്ധതി ആരംഭിക്കുന്ന മുറയ്ക്ക് അവരുടെ മെഡിസെപ് ഐ.ഡി.കാർഡ്  www.medisep.kerala.gov.in ലെ മെഡിസെപ് ഐ.ഡി യൂസർ ഐ.ഡിയായും PEN/PPO Number/Employee ID എന്നിവ പാസ്സ് വേർഡ് ആയും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ ഓറിയന്റൽ ഇൻഷ്വറൻസ് കമ്പനി മുഖേനയാണ്  ‘മെഡിസെപ്’  നടപ്പിൽ വരുത്തുന്നത്.