സന്തോഷ് ട്രോഫിയിലെ കേരളത്തിന്റെ കിരീട നേട്ടം സംസ്ഥാനത്തെ ഫുട്‌ബോളിനു വലിയ ഊർജമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ എല്ലാ ഗ്രാമങ്ങളിലും പൊതുകളിസ്ഥലങ്ങൾ ഉണ്ടാകണമെന്നാണു സർക്കാരിന്റെ നയമെന്നും മുഖ്യമന്ത്രി പറഞ്ഞു. സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീം അംഗങ്ങൾക്കു സംസ്ഥാന സർക്കാർ നൽകിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രാജ്യത്തിന്റെ ഫുട്‌ബോൾ രംഗത്തു വലിയ സംഭാവനകൾ നൽകിയ സംസ്ഥാനമാണു കേരളമെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരുകാലത്ത് ദേശീയ ടീമിന്റെ പകുതിയോളം അംഗങ്ങൾ മലയാളികളായിരുന്നു. അതികായരായ ഫുട്‌ബോൾതാരങ്ങളെ രാജ്യത്തിനു സംഭാവനചെയ്ത നാടാണ് ഇത്. എന്നാൽ കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രതാപത്തിനു മങ്ങലേറ്റിരുന്നു. സന്തോഷ് ട്രോഫി നേട്ടത്തോടെ ഇതിനു മാറ്റമുണ്ടാകുകയാണ്. ഫുട്‌ബോൾ രംഗം നല്ലരീതിയിൽ തിരിച്ചുവരുന്നതിന്റെ സൂചനയാണിത്.

സംസ്ഥാനത്ത് പൊതു കളിസ്ഥലങ്ങൾ ചുരുങ്ങിവരുന്നതാണു ഫുട്‌ബോൾ പോലുള്ള കായിക ഇനങ്ങളുടെ പിന്നാക്കംപോക്കിനു കാരണം. ഇപ്പോൾ പലസ്ഥലങ്ങളിലും പൊതുകളിസ്ഥലങ്ങൾ തിരിച്ചുവരികയാണ്. എല്ലാ ഗ്രാമങ്ങളിലും പൊതു കളിസ്ഥലങ്ങളുണ്ടാകണം. ഭേദചിന്തയില്ലാതെ യുവാക്കൾക്ക് ഒത്തുകൂടാനുള്ള സ്ഥലമായി ഇവ മാറും. ഓരോ ഗ്രാമങ്ങളിലും തുടങ്ങുന്ന കളിസ്ഥലങ്ങൾ പിന്നീട് ഓരോ പ്രദേശത്തേക്കും വ്യാപിക്കണം.

സംസ്ഥാനത്തെ അഞ്ചു ലക്ഷം വിദ്യാർഥികൾക്കു ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ എന്ന ബൃഹത് പദ്ധതിക്കു സർക്കാർ തുടക്കമിടുകയാണ്. ഫിഫയുടേയും ഓൾ ഇന്ത്യാ ഫുട്‌ബോൾ അസോസിയേഷന്റെയും പിന്തുണയോടെ നടപ്പാക്കുന്ന ഈ പദ്ധതി ഫുട്‌ബോൾ മേഖലയ്ക്കു വലിയ ഗുണംചെയ്യും. സംസ്ഥാനത്ത് കൂടുതൽ പുതിയ ഫുട്‌ബോൾ ടൂർണമെന്റുകൾ ആരംഭിക്കുന്നതും മികച്ച സാധ്യതകൾ ഉയർന്നുവരുന്നതും വലിയ പ്രതീക്ഷയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഞ്ചു ലക്ഷം കുട്ടികൾക്കു ഫുട്‌ബോൾ പരിശീലനം നൽകുന്ന ഗോൾ പദ്ധതി ഇത്രയധികം പേർക്ക് ഒന്നിച്ചു ഫുട്‌ബോൾ പരിശീലനം നൽകുന്ന ലോകത്തെ ആദ്യ പദ്ധതിയാണെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. രാജ്യത്തിന്റെ കായികഭൂപടത്തിൽ കേരളത്തെ ഒന്നാമതെത്തിക്കാനുള്ള നവീകരണ പദ്ധതികൾ സർക്കാർ നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സന്തോഷ് ട്രോഫി വിജയം കേരളത്തിലെ ഫുട്‌ബോൾ പ്രേമികൾക്കു നൽകിയ ഊർജവും ആത്മവിശ്വാസവും പറഞ്ഞറിയിക്കാനാകാത്തതാണെന്നു മുഖ്യ പ്രഭാഷണം നടത്തിയ നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് പറഞ്ഞു.

ഗോൾ പദ്ധതിയുടെ ലോഗോ മുഖ്യമന്ത്രി ചടങ്ങിൽ പ്രകാശനം ചെയ്തു. സന്തോഷ് ട്രോഫി നേടിയ കേരള ടീം അംഗങ്ങൾക്കും മാനേജ്‌മെന്റ് അംഗങ്ങൾക്കും മുഖ്യമന്ത്രി കീർത്തിപത്രങ്ങളും പാരിതോഷികങ്ങളും സമ്മാനിച്ചു. ആർച്ചറി താരം അനാമിക സുരേഷിന് സ്പീക്കർ എം.ബി. രാജേഷ് ചടങ്ങിൽ പുരസ്‌കാരം നൽകി. നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ റോഷി അഗസ്റ്റൻ, എ.കെ. ശശീന്ദ്രൻ, ആന്റണി രാജു, ജി.ആർ. അനിൽ, ഡോ. ആർ. ബിന്ദു, അഹമ്മദ് ദേവർകോവിൽ, പി. പ്രസാദ്, സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് മേഴ്‌സി കുട്ടൻ, കായിക യുവജനകാര്യ ഡയറക്ടർ എസ്. പ്രേംകൃഷ്ണൻ, അഡിഷണൽ ഡയറക്ടർ എ.എൻ. സീന തുടങ്ങിയവർ പങ്കെടുത്തു.