പാവങ്ങളുടെ ഭവന പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ (പി.എം.എ.വൈ) അടിയന്തരമായി ഫണ്ട് അനുവദിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. വയനാട് കളക്ട്രേറ്റില്‍ നടന്ന ജില്ലയിലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ അവലോകന യോഗമായ ദിശയില്‍ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി വിലയിരുത്തി സംസാരി ക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക ജില്ലയായ വയനാട്ടിന് കഴിഞ്ഞ മൂന്ന് മാസമായിട്ട് 1.66 കോടി രൂപ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. മതിയായ ഫണ്ട് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെങ്കില്‍ ഭവന പദ്ധതി പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തില്‍ ഫണ്ട് അനുവദിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലു ത്തുമെന്നും അദ്ദേഹം പറഞ്ഞു.

ജില്ലയില്‍ പി.എം.ജി.എസ് പദ്ധതിയില്‍ കൂടുതല്‍ റോഡുകള്‍ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാരിനു കത്ത് അയച്ചിട്ടുണ്ട്. കൂടുതല്‍ ഗ്രാമീണ റോഡുകള്‍ അനുവദിച്ചു കിട്ടുന്നതിനുളള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പ്രവൃത്തി പുരോഗമിക്കുന്ന ചില റോഡിനെ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍ ഉയരുന്നത് ശ്രദ്ധയില്‍ പ്പെട്ടിട്ടുണ്ട്. അതിനാല്‍ പ്രവൃത്തികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ കൃത്യമായി നിരീക്ഷിക്ക ണമെന്നും രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു. അടിസ്ഥാന വികസന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം. സി.ആര്‍. എഫ് പദ്ധതിയില്‍ ജില്ലയില്‍ പുതിയ 10 റോഡുകള്‍ക്കായി കേന്ദ്രത്തിന് കത്ത് നല്‍കിയിട്ടുണ്ട്. ദേശീയപാതയില്‍ അവശേഷിക്കുന്ന റോഡ് നവീകരണ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ദേശീയ പാത വിഭാഗത്തോട് ആവശ്യപ്പെട്ടു. സെപ്തംര്‍ 30 നകം പണി പൂര്‍ത്തീകരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.

ആദിവാസി ജനതയുടെ ആനുകൂല്യങ്ങള്‍ തടസ്സപ്പെടുന്നത് ഒഴിവാക്കാന്‍ പ്രത്യേക ഡ്രൈവുകള്‍ നടത്തും. ആദിവാസി വിഭാഗങ്ങളുടെ തൊഴിലവസരം എങ്ങനെ മെച്ചപ്പെടുത്താം എന്നത് സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളോട് അദ്ദേഹം നിര്‍ദ്ദേശിച്ചു. പട്ടിക വര്‍ഗ്ഗ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കായി കുടുംബശ്രീ നോഡല്‍ ഏജന്‍സിയായി നടത്തുന്ന നൈപുണ്യ വികസന കോഴ്‌സുകളില്‍ കൂടുതല്‍ നൂതന വിഷയങ്ങളും സെന്ററുകളും ആരംഭിക്കേണ്ടതുണ്ട്. കോഴ്‌സ് പൂര്‍ത്തീകരിക്കുന്നവര്‍ക്ക് തൊഴില്‍ ഉറപ്പാക്കുന്നതിനുളള നടപടികളുമുണ്ടാകണം. പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് ജില്ലയ്ക്ക് അകത്ത് തന്നെ പരമാവധി തൊഴിലവസരങ്ങള്‍ ലഭിക്കുന്നതിന് അനുയോജ്യമായ കോഴ്‌സുകള്‍ ആരംഭിക്കണമെന്നും എം. പി നിര്‍ദ്ദേശിച്ചു.

ഫാര്‍മേര്‍സ് പ്രെഡ്യൂസേര്‍സ് ഓര്‍ഗനൈസേഷന്‍ അടക്കമുളള ജില്ലയിലെ കര്‍ഷകര്‍ നേരിടുന്ന വിഷയങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ കൃഷി വകുപ്പ് ശേഖരിച്ച് അറിയിക്കണമെന്ന് രാഹുല്‍ ഗാന്ധി എം.പി യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ജില്ലയില്‍ പ്രധാന വിളകളിലെല്ലാം എഫ്.പി.ഒ സാന്നിധ്യം ഉറപ്പാക്കാനുളള നടപടികളും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതിയും രാഹുല്‍ ഗാന്ധി എം.പി വിലയിരുത്തി. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ആവാസ് യോജന (ഗ്രാമീണ്‍), പ്രധാനമന്ത്രി ഗ്രാമീണ സടക് യോജന, നാഷണല്‍ ഹെല്‍ത്ത് മിഷന്‍, സ്വച്ഭാരത് മിഷന്‍, സമഗ്ര ശിക്ഷ കേരള, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗാം, ഐ.സി.ഡി.എസ് , എന്‍.ആര്‍.എല്‍.എം, പി.എം.ജെ.വി.കെ മിഡേ മീല്‍ തുടങ്ങിയ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതിയും ദിശാ യോഗത്തില്‍ രാഹുല്‍ ഗാന്ധി എം.പി വിലയിരുത്തി. കേന്ദ്ര പദ്ധതികളുടെ നിര്‍വഹണം സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് രാഹുല്‍ ഗാന്ധി എം.പി പറഞ്ഞു.

യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത ദിശ പദ്ധതി നിര്‍വഹണത്തിന്റെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കെ.സി. വേണുഗോപാല്‍ എം.പി, എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, ടി. സിദ്ധീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി.എം എന്‍.ഐ ഷാജു, സബ് കളക്ടര്‍ ആര്‍.ശ്രീലക്ഷ്മി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ ജസ്റ്റിന്‍ ബേബി, സി. അസൈനാര്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍മാരായ കെയം തൊടി മുജീബ്, ടി.കെ. രമേശ്, സി.കെ. രത്‌നവല്ലി, ദാരിദ്ര ലഘൂകരണ വിഭാഗം പ്രേജക്ട് ഡയറക്ടര്‍ പി. സി മജീദ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.