കുടുംബശ്രീയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണമേഖലയില്‍ സംരംഭകരായ യുവതീ യുവാക്കള്‍ക്കായി സംഘടിപ്പിച്ച എല്‍ഇഡിപി പദ്ധതിയുടെ ഭാഗമായ ബൂട്ട് ക്യാമ്പ് വയനാട് ജില്ലയിലെ മാനന്തവാടി ബ്ലോക്കില്‍ വിജയകരമായ പൂര്‍ത്തീകരിച്ചു. കുടുംബശ്രീ ജില്ലാ മിഷന്റെ പിന്തുണയോടെ പരിശീലന ഗവേഷണ കേന്ദ്രമായ എക്‌സാത്തിന്റെ നേതൃത്വത്തില്‍ നടന്ന ക്യാമ്പിലൂടെ സംരംഭകത്വ ശേഷി വികസന പരിശീലനം നേടിയ സംരംഭകരില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചവര്‍ക്ക് പ്രോത്സാഹനമായി അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. മാനന്തവാടി എരുമത്തെരുവ് ഗ്രീന്‍സ് ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസ്റ്റിന്‍ ബേബി ഉദ്ഘാടനവും അവാര്‍ഡ് വിതരണവും നിര്‍വ്വഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഇന്ദിര പ്രേമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ വാസു പ്രദീപ് സര്‍ട്ടിഫിക്കറ്റ് വിതരണവും മുഖ്യ പ്രഭാഷണവും നടത്തി. കുടുംബശ്രീ ബ്ലോക്ക് കോര്‍ഡിനേറ്റര്‍ ലീന ജോണ്‍, ഡി പി എം മാരായ സുകന്യ,അശ്വതി തുടങ്ങിയവര്‍ പങ്കെടുത്തു.