ഓണത്തിനൊരുമുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി നടത്തുവാനുള്ള പദ്ധതി പെരുവന്താനം പഞ്ചായത്തില്‍ പ്രസിഡന്റ് ഡൊമിന സജി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ ആര്‍ വിജയന്‍ അധ്യക്ഷത വഹിച്ചു.

സാഗി പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന കുട്ടിക്കൂട്ടം പദ്ധതി, കേരള സര്‍ക്കാര്‍ പദ്ധതിയായ ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുമായി സംയോജിപ്പിച്ചാണ് പെരുവന്താനം പഞ്ചായത്തില്‍ അങ്കണവാടികള്‍ കേന്ദ്രീകരിച്ച് പച്ചക്കറി കൃഷി ആരംഭിക്കുന്നത്. പഞ്ചായത്ത്, കൃഷിഭവന്‍, ഐ സി ഡി എസ് സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി പുതുതലമുറക്ക് കൃഷിയെ പരിചയപ്പെടുത്തുവാനും കാര്‍ഷികവൃത്തിയില്‍ അവരെ സജീവമാക്കുവാനും സഹായിക്കും. പഞ്ചായത്ത് തലത്തിലും വാര്‍ഡ് തലങ്ങളിലും അങ്കണവാടി തലങ്ങളിലും പ്രത്യേക പ്രചാരണ യോഗങ്ങള്‍ വിളിച്ച് ചേര്‍ത്ത് കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കും.

കൃഷി ഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുകയും കൃഷി അസിസ്റ്റന്റ് ജോസഫ് ജെയിംസ് കൃഷിയെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു. പഞ്ചായത്ത് മെമ്പര്‍മാരായ സിജി മോള്‍ എബ്രഹാം, ഷീബ ബിനോയ്, ഗ്രേസി ജോസ്, പ്രഭാവതി ബാബു, കൃഷി ഓഫീസര്‍ ബദരിയ പി എസ്, ഐ സി ഡി എസ് സൂപ്പര്‍ വൈസര്‍ പ്രീനു, വ്യാവസായിക വകുപ്പ് ഇന്റേണ്‍ ജോജി ജോസഫ്, സാഗി കോഓര്‍ഡിനേറ്റര്‍ സുഹൈല്‍ വി.എ തുടങ്ങിയവര്‍ പങ്കെടുത്തു.