കേരളത്തിന്റെ തനതു കലാരൂപങ്ങളെ വിനോദ സഞ്ചാര മേഖലയുമായി ബന്ധിപ്പിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രാദേശിക കലാരൂപങ്ങളുടെ വ്യാപക പ്രചാരണത്തിനു സാങ്കേതികവിദ്യയുടെ സഹായം തേടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷൻ വർക്കല ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ വഴി നടപ്പാക്കുന്ന വർക്കല രംഗകലാകേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തേക്കു വിനോദ സഞ്ചാരികൾ എത്തുന്നത് കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനൊപ്പം പരമ്പരാഗത കലകൾ ആസ്വദിക്കുകയും വൈവിധ്യമാർന്ന ഭക്ഷണരീതി പരിചയപ്പെടുകയും ചെയ്യുന്നതിനുകൂടിയാണ്. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ഇതും സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്ന ഘടകമാണ്. ഇത്തരം കാര്യങ്ങളെല്ലാം യോജിപ്പിച്ച് ഉള്ള പ്രവർത്തനമാണ് ടൂറിസം രംഗത്തിന് ആവശ്യം. ഈ ലക്ഷ്യത്തോടെയാണ് വർക്കലയിലെ രംഗകലാ കേന്ദ്രം പ്രവർത്തനമാരംഭിക്കുന്നത്.
ടൂറിസം വകുപ്പിന്റെ മൂന്ന് ഏക്കറിലേറെ സ്ഥലം പദ്ധതിക്കായി സർക്കാർ നൽകി. 13000 ചതുരശ്രഅടി വിസ്തീർണത്തിലാണ് രംഗകലാ കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്. വർക്കലയുടെ ഭാവി വികസനത്തിന് പദ്ധതി മുതൽക്കൂട്ടാകും.
സംസ്കാരവും കലയും സമൂഹത്തിനു നേരേ പിടിച്ച കണ്ണാടികളാണ്. അവയെ പരസ്പര ബന്ധിതമായിത്തന്നെ കാണാൻ കഴിയണം. ചരിത്രപരമായ കാരണങ്ങളാലാണ് പല കലാരൂപങ്ങളും ഉയർന്നുവന്നിട്ടുള്ളത് . വേഷവും ഭാഷയും ഭക്ഷണരീതികളും എല്ലാം ഇത്തരത്തിൽ രൂപപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സാംസ്കാരിക മേഖലയെ പരിപോഷിപ്പിക്കുന്നതിന് സർക്കാർ പ്രത്യേക ഇടപെടൽ നടത്തുന്നുണ്ട്. 14 ജില്ലകളിലും സാംസ്കാരിക കേന്ദ്രങ്ങൾ നിർമ്മിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര കലാ കമ്പോളവുമായി കലാകാരന്മാരെ ബന്ധിപ്പിക്കുന്ന നടപടി പുരോഗമിക്കുന്നു. റൂറൽ ആർട്ട് ഹബിന്റെ ഭാഗമായുള്ള സ്വയം സഹായ സംരംഭങ്ങൾക്ക് സഹായം നൽകുന്നുണ്ട്. ഇവരുടെ ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തിക്കാൻ പ്രത്യേക എക്സിബിഷൻ വിപണന കേന്ദ്രവും ആരംഭിക്കുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു.
രംഗകലാകേന്ദ്രം വളപ്പിൽ നടന്ന ചടങ്ങിൽ വി. ജോയി എം.എൽ.എ. അധ്യക്ഷത വഹിച്ചു. അടൂർ പ്രകാശ് എം.പി, രംഗകലാകേന്ദ്രം ചെയർമാൻ അടൂർ ഗോപാലകൃഷ്ണൻ, ശിവഗിരി മഠം ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, വർക്കല മുനിസിപ്പൽ ചെയർമാൻ കെ.എം. ലാജി, കയർ അപെക്സ് ബോഡി വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ, രംഗകലാകേന്ദ്രം വൈസ് ചെയർമാൻ വി. രാമചന്ദ്രൻ പോറ്റി തുടങ്ങിയവർ പങ്കെടുത്തു.