പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ രാമവർമ്മ – ഐ.എച്ച്.ഡി.പി കോളനി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച റോഡും കലുങ്കും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നാടിനു സമർപ്പിച്ചു. നാട്ടുകാരുടെ ദീർഘകാല ആവശ്യമാണ് നിറവേറിയത്. അംബേദ്കർ ഗ്രാമവികസന പദ്ധതി കൂടി നടപ്പാകുന്നതോടെ കോളനിയുടെ സമഗ്ര വികസനം സാധ്യമാകുമെന്നും കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ പറഞ്ഞു.
റോഡിനും കലുങ്കിനുമായി ത്രിതല പഞ്ചായത്തിന്റെ പട്ടികജാതി വികസന ഫണ്ടിൽ നിന്ന് 38 ലക്ഷം രൂപയാണ് ചെലവാക്കിയത്. സ്ഥലം ലഭ്യമാകുന്നതിനുള്ള പ്രതിബന്ധം ഒഴിവാക്കാൻ 40 മീറ്ററോളം റോഡ് തോടിനു മുകളിലൂടെ നിർമ്മിച്ചു. തോടിന്റെ വീതി നിലനിർത്തിക്കൊണ്ട് ബോക്സ് കൾവെർട്ട് രീതിയാണ് അവലംബിച്ചത്. തോടിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്തു മുകളിൽ സ്ലാബ് ഇട്ട് റോഡ് സഞ്ചാരയോഗ്യമാക്കി. ഒപ്പം രൂക്ഷമായ വെള്ളക്കെട്ടിനും പരിഹാരമുണ്ടാക്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ പി.ബി സന്ധ്യ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് അംഗം അഡ്വ. എം.ബി ഷൈനി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ.കെ ജയൻ, ഗ്രാമ പഞ്ചായത്ത് അംഗം പ്രസീത ബാബു, റോഡ് വികസന സമിതി കൺവീനർ കെ.ആർ ബാബു എന്നിവർ പ്രസംഗിച്ചു.