ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറു മാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പിന് ഇപ്പോള്‍ അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയിലേതെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളിലേതെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക്് അപേക്ഷിക്കാം. അപേക്ഷകര്‍ 2020-21, 2021-2022 അധ്യയന വര്‍ഷങ്ങളില്‍ കോഴ്സ് പാസായവര്‍ ആയിരിക്കണം. പ്രതിമാസം 8000 രൂപ സ്റ്റൈപന്റ് നല്‍കും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ വാര്‍ത്താ വിഭാഗം, ഇലക്ട്രോണിക് മാധ്യമം, ഫീല്‍ഡ് പബ്ലിസിറ്റി തുടങ്ങിയ പബ്ലിക് റിലേഷന്‍സിന്റെ വ്യത്യസ്ത മേഖലകളില്‍ 2022 ആഗസ്റ്റ് മുതല്‍ 2023 ജനുവരി വരെയാണ് അപ്രന്റീസ്ഷിപ്പിന് അവസരം.
യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പൈനാവ് പി ഒ കുയിലിമല പിന് 685603 എന്ന വിലാസത്തിലോ dio.idk@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ അപേക്ഷിക്കണം. 2022 ജൂലൈ പതിനഞ്ചിന് വൈകുന്നേരം അഞ്ച് വരെ ലഭിക്കുന്ന അപേക്ഷകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. തപാലില്‍ അയക്കുമ്പോള്‍ കവറിന്റെ പുറത്ത് അപ്പ്രന്റീസ്ഷിപ്പ് – 2022 എന്ന് കാണിച്ചിരിക്കണം.
യോഗ്യതയുടെയും എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ അക്കാര്യം അറിയിച്ചുകൊണ്ടുള്ള അറിയിപ്പില്‍ പറയുന്ന തീയതിയിലും സമയത്തും അപ്പ്രന്റീസായി ചേരാന്‍ തയ്യാറായി എത്തിച്ചേരണം. ജോലി കിട്ടിയോ മറ്റു കാരണത്താലോ അപ്പ്രന്റീസ്ഷിപ്പ് ഇടയ്ക്ക് വെച്ച് മതിയാക്കുന്നവര്‍ 15 ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണം. ഏതെങ്കിലും ഘട്ടത്തില്‍ പ്രവര്‍ത്തനം തൃപ്തികരമല്ലെന്ന് കാണുകയോ അപ്പ്രന്റീസായി തുടരാന്‍ അനുവദിക്കാത്ത മറ്റെന്തെങ്കിലും കാരണം ഉണ്ടാവുകയോ ചെയ്താല്‍ മുന്നറിയിപ്പില്ലാതെ അപ്പ്രന്റീസ്ഷിപ്പില്‍ നിന്നും ഒഴിവാക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233036 എന്ന നമ്പറില്‍ ബന്ധപ്പെടണം.