കാലവര്‍ഷം ശക്തമായതോടെ പ്രകൃതി ദുരന്തങ്ങളും പകര്‍ച്ചവ്യാധികളും ഉള്‍പ്പെടെ യുളള കെടുതികള്‍ നേരിടുന്നതിനായി ജില്ലാ ഭരണകൂടം നടപടികള്‍ തുടങ്ങി. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ അപകട സാഹചര്യങ്ങളും രോഗങ്ങളും തടയുന്നതിനുളള മുന്നൊരുക്കങ്ങളും ക്രമീകരണങ്ങളും ജില്ലാ കളക്ടര്‍ എ.ഗീതയുടെ അധ്യക്ഷതയില്‍ കളക്‌ട്രേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥ യോഗം വിലയിരുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പ് വരും ദിവസങ്ങളില്‍ കനത്ത മഴ സാധ്യതാ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.

ദുരന്ത സാധ്യത മേഖലയായി കണ്ടെത്തിയ പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബ ങ്ങളുടെ വിവരങ്ങള്‍ ഇനിയും ലഭ്യമാക്കാത്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിയന്തരമായി ഇക്കാര്യം അറിയിക്കണം. സജ്ജമാക്കുന്ന ക്യാമ്പുകളുടെ വിവരങ്ങളും യഥാസമയം അപ്ഡേറ്റ് ചെയ്യണം. ദുരന്ത സാഹചര്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിനായി തദ്ദേശസ്വയംഭരണ തലത്തില്‍ രൂപീകരിച്ച ദുരന്ത പ്രതികരണ സേനയുടെ വിവരങ്ങളും ലഭ്യമാക്കണം. മേപ്പാടി, കോട്ടത്തറ, പടിഞ്ഞാറത്തറ, മുള്ളന്‍ങ്കൊല്ലി, പൂതാടി, തിരുനെല്ലി, എടവക, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളും മാനന്തവാടി നഗരസഭയും നിലവില്‍ കണ്ടെത്തിയതിനു പുറമേ കൂടുതല്‍ ക്യാമ്പുകള്‍ കണ്ടെത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ക്യാമ്പുകളായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളില്‍ അത്യാവശ്യമായിട്ടുള്ള വൈദ്യുതി, കുടിവെള്ളം, ശുചിമുറി, അടുക്കള എന്നിവ മെച്ചപ്പെടുത്തുന്നതിനുളള അടിയന്തര നടപടികളും തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കണം. എസ്.ഡി.ആര്‍.എഫില്‍ നിന്നും അനുവദിച്ചിട്ടുള്ള തുക ഇതിനായി ഉപയോഗിക്കാം. സ്വകാര്യഭൂമിയില്‍ അപകടഭീഷണിയായിട്ടുള്ള മരം മുറിച്ച് മാറ്റുന്നത് സംബന്ധിച്ച് നടപടികള്‍ സ്വീകരിക്കണം. ദുരന്ത നിവാരണ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ അടിസ്ഥാനത്തില്‍ യോഗം വിളിച്ചു ചേര്‍ക്കാനും മഴ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്ന് പ്രവര്‍ത്തിക്കാനും തദ്ദേശ സ്വയം ഭരണ വകുപ്പിന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

താലൂക്കുകളില്‍ മുഴുവന്‍ സമയ കണ്‍ട്രേള്‍ റൂമുകള്‍

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തന സജ്ജമാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു. കണ്‍ട്രോള്‍ റൂമിലേക്ക് ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും ഫോണുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നും തഹസില്‍ദാര്‍മാര്‍ ഉറപ്പുവരുത്തണം. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി കണ്ടെത്തിയിട്ടുള്ള കെട്ടിടങ്ങളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതോടൊപ്പം ഒഴിപ്പിക്കല്‍ രക്ഷാ പ്രവര്‍ത്തനം എന്നിവ നടത്തുന്നതിന് ആവശ്യമായ സഹായങ്ങളും നല്‍കേണ്ടതാണ്. പുഴകളില്‍ നീക്കം ചെയ്ത എക്കലും , അവശിഷ്ടങ്ങളും നീക്കം ചെയ്യുന്നതിനായുള്ള ഇ- ഓക്ഷന്‍, സ്പോട്ട് ഓക്ഷന്‍ നടപടികളും അടിയന്തരമായി പൂര്‍ത്തികരിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ചിട്ടുള്ള കാലവര്‍ഷ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമുള്ള നടപടികള്‍ സമയബന്ധിതമായി സ്വീകരിച്ച് വിവരങ്ങള്‍ ലഭ്യമാക്കാന്‍ മറ്റ് വകുപ്പുകളോടും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിലും, വനത്തിനുള്ളിലും താമസിക്കുന്ന പട്ടികവര്‍ഗ്ഗക്കാരുടെ വിവരങ്ങള്‍ പട്ടിക വര്‍ഗ വികസന വകുപ്പ് തയ്യാറാക്കി സൂക്ഷിക്കേണ്ടതാണ്. തദ്ദേശസ്വയംഭരണ തലത്തില്‍ തയ്യാറാക്കിയിട്ടുള്ള കുടംുബങ്ങളുടെ ലിസ്റ്റിലും ഇവര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പാക്കണം. ദുരന്ത സാഹചര്യത്തില്‍ ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനുളള ഇടപെടലും വകുപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു. പട്ടികവര്‍ഗ്ഗ കോളനികളില്‍ അപകടഭീഷണി സ്ഥിതി ചെയ്യുന്ന മരങ്ങള്‍,ശിഖരങ്ങള്‍ മുറിച്ച് നീക്കുന്നതിന് ഫണ്ട് ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാനും പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ദുരന്ത സാഹചര്യത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനായി ഒരുക്കുന്ന ദുരിതാ ശ്വാസ ക്യാമ്പുകളില്‍ പകര്‍ച്ച വ്യാധികള്‍ തടയുന്നത് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ നടപടികള്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കണം. തദ്ദേശ സ്വയംഭരണസ്ഥാപനവുമായി ബന്ധപ്പെട്ട് ആശുപത്രികളുടെയും, ആരോഗ്യ കേന്ദ്രങ്ങളുടെയും ഫിറ്റ്നെസും ഉറപ്പാക്കേണ്ടാതണ്. കമ്പമല ഉള്‍പ്പെടെയുളള പ്രദേശങ്ങളിലെ എസ്റ്റേറ്റ് തൊഴിലാളികളുടെ വിവരങ്ങള്‍ തദ്ദേശസ്വയംഭരണ തലത്തില്‍ തയ്യാറാക്കിയിട്ടുള്ള കുടുംബങ്ങളുടെ ലിസ്റ്റിലും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തൊഴില്‍ വകുപ്പ് ഉറപ്പാക്കണം. ദുരന്ത സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളുടെ വിവരങ്ങളും അപ്ഡേറ്റ് ചെയ്ത് ലഭ്യമാക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.