ദേശീയ ധീരതാ അവാർഡിൽ ഇടം പിടിച്ച് തൃശൂർ ജില്ല. ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയറിന്റെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന്റെ ഭാഗമായത് തൃശൂരിലെ എയ്ഞ്ചൽ മരിയ ജോൺ.
2021 -ലെ കുട്ടികളുടെ ദേശീയ ധീരതാ അവാർഡിന് സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുത്ത അഞ്ച് കുട്ടികളിൽ ഒരാളാണ് എയ്ഞ്ചൽ.
കനാലിൽ അകപ്പെട്ട മൂന്ന് വയസുകാരനെ രക്ഷിച്ചതാണ് രാമവർമ്മപുരം മണ്ണത്തു ജോയ് എബ്രഹാമിന്റെയും മിഥിലയുടെയും മകൾ എയ്ഞ്ചലിനെ അവാർഡിന് അർഹയാക്കിയത്. തൃശൂർ ദേവമാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനിയാണ്.
6 – 18 വയസിനിടയിൽ പ്രായമുള്ള കുട്ടികൾക്ക് ശിശുക്ഷേമ സമിതിയാണ് അവാർഡ് ഏർപ്പെടുത്തുന്നത്. ധീരത പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവരെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്ത് ആദരിച്ചു. സംസ്ഥാന തലത്തിൽ നടന്ന ശിശുദിന സാഹിത്യ രചന മത്സരങ്ങളിൽ ജില്ലയിൽ നിന്ന് പങ്കെടുത്ത ഒമ്പത് പേർക്ക് ചടങ്ങിൽ മന്ത്രി അവാർഡുകൾ നൽകി. തെെക്കാട് സംസ്ഥാന ശിശുക്ഷേമ സമിതി ഹാളിൽ നടന്ന ചടങ്ങിൽ കഥാ, കവിത, ഉപന്യാസ രചനാ മത്സര വിജയികൾക്കാണ് മന്ത്രി അവാർഡുകൾ വിതരണം ചെയ്തത്.