വടക്കാഞ്ചേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ ത്വരിതപ്പെടുത്താനും തടസങ്ങള്‍ നീക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികളുടെ അവലോകനത്തിനായി സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോണ്‍സ്റ്റിറ്റിയൂവന്‍സി മോണിറ്ററിംഗ് ടീം (സി.എം.ടി) യോഗത്തിലാണ് തീരുമാനം. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തികള്‍ വേഗത്തിലാക്കുന്നതിനും നേരിടുന്ന തടസങ്ങള്‍ പരിഹരിക്കുന്നതിനുമായി നാല്‍പ്പതോളം വരുന്ന പ്രവൃത്തികളെപ്പറ്റി യോഗം ചര്‍ച്ച ചെയ്തു. വടക്കാഞ്ചേരി മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പ് മുഖേന നടപ്പിലാക്കേണ്ട പുതിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ പ്രാരംഭ നടപടികള്‍ സ്വീകരിക്കാനും എസ്റ്റിമേറ്റുകള്‍ തയ്യാറാക്കാനും യോഗം നിര്‍ദ്ദേശിച്ചു.

വടക്കാഞ്ചേരി – ഷൊര്‍ണൂര്‍, ചാവക്കാട് – വടക്കാഞ്ചേരി സംസ്ഥാന പാതകളിലായി വടക്കാഞ്ചേരി മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന 4 സ്ഥലങ്ങളില്‍ സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്ക് നടത്തുന്നതിന് ഒരു കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. തൃശൂര്‍-ഷൊര്‍ണൂര്‍ റോഡില്‍ പാര്‍ളിക്കാടും ചാവക്കാട് – വടക്കാഞ്ചേരി റോഡില്‍ ഒന്നാംകല്ലിലുമാണ് സൈഡ് പ്രൊട്ടക്ഷന്‍ വര്‍ക്കുകള്‍ നടത്തുക. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പി.ജി. റസിഡന്റ്‌സ് ക്വാര്‍ട്ടേഴ്‌സിന്റെ ഫെയ്‌സ് 2 പ്രവൃത്തിക്കായി 3 കോടി രൂപയുടെ സാങ്കേതിക അനുമതി ലഭിച്ചു.

തൃശൂര്‍ ഗവ.ഡെന്റല്‍ കോളേജില്‍ ലേഡീസ് ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായുള്ള 2.12 കോടി രൂപയുടെ പ്രവൃത്തിക്കും കഴിഞ്ഞ ദിവസം സാങ്കേതിക അനുമതി ലഭിച്ചിരുന്നു. തൃശൂര്‍ ഗവ.മെഡിക്കല്‍ കോളേജ്, ഗവ. ഡെന്റല്‍ കോളേജ്, ഗവ.നഴ്‌സിംഗ് കോളേജ് എന്നിവ ഉള്‍പ്പെടുന്ന സ്‌പെഷ്യല്‍ ബില്‍ഡിംഗ്‌സ് വിഭാഗത്തിലെ പ്രവൃത്തികള്‍ അവലോകനം ചെയ്യാന്‍ പ്രത്യേക യോഗം ചേരുന്നതിനും തീരുമാനിച്ചു.

നിയോജക മണ്ഡലം നോഡല്‍ ഓഫീസറായ പി ഡബ്ല്യൂ ഡി കെട്ടിട വിഭാഗം തൃശൂര്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി വി ബിജി, സ്‌പെഷ്യല്‍ ബില്‍ഡിംഗ്‌സ് സെക്ഷന്‍ മേധാവികള്‍, ഉദ്യോഗസ്ഥര്‍, റോഡ്‌സ് വിഭാഗം വടക്കാഞ്ചേരി സെക്ഷന്‍ – പുഴയ്ക്കല്‍ സെക്ഷന്‍ മേധാവികള്‍ – ഉദ്യോഗസ്ഥര്‍, പാലങ്ങള്‍ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.