അവധിദിനത്തിലെ ഫയല്‍ തീര്‍പ്പാക്കലില്‍ യജ്ഞത്തിന്റെ ഭാഗമായി ഞായറാഴ്ച തൃശൂര്‍ ജില്ലയില്‍ തീര്‍പ്പാക്കിയത് 7026 ഫയലുകള്‍. 76 ശതമാനം ജീവനക്കാര്‍ ജോലിക്ക് ഹാജറായി. റവന്യൂ വകുപ്പ്, മറ്റ് ജില്ലാ ഓഫീസുകള്‍ എന്നിവിടങ്ങളിലായി ജില്ലയില്‍ 1773 പേര്‍ ജോലിയ്ക്ക് ഹാജറായി. 1825 ജീവനക്കാരുള്ള റവന്യൂവകുപ്പിലെ 1155 പേര്‍ ഞായറാഴ്ച ജോലിക്ക് ഹാജറായി. റവന്യൂ വകുപ്പിലെ 2896 ഫയലുകളാണ് ഒറ്റദിവസം കൊണ്ട് തീര്‍പ്പാക്കിയത്.

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി എക്സൈസ് ഡിവിഷന്‍ ഓഫീസ് 345 ഫയലുകള്‍ തീര്‍പ്പാക്കിയപ്പോള്‍ പൊലീസ് 320 ഫയലുകള്‍ തീര്‍പ്പാക്കി. അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം സര്‍വ്വെ (റെയ്ഞ്ച്) 187 കുടിശ്ശിക ഫയലുകളില്‍ 23 എണ്ണം തീര്‍പ്പാക്കി. ജില്ലാ പട്ടികജാതി വികസന ഓഫീസിലും കീഴിലുള്ള 32 സബ് ഓഫീസുകളിലുമായി ആകെ 766 ഫയലുകള്‍ തീര്‍പ്പാക്കി. അസിസ്റ്റന്റ് ഡെവലപ്പ്മെന്റ് കമ്മീഷണര്‍ (ജനറല്‍) കാര്യാലയത്തില്‍ 36, സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടറാഫീസ് 80 ഫയലുകള്‍, സാമൂഹ്യ നീതി വകുപ്പ് 34 ഫയലുകള്‍, ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ഓഫീസ് 221, ഇന്‍ഷുറന്‍സ് ഓഫീസ് 178, ജില്ലാ ലേബര്‍ ഓഫീസ് 231, കയര്‍ വകുപ്പ് 212, എല്‍എസ്ജിഡി 148, സംസ്ഥാന ചരക്കുസേവന നികുതി 291 ഫയലുകളും തീര്‍പ്പാക്കി.

*തൃശൂര്‍ താലൂക്കില്‍ 224 ഫയലുകള്‍

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി തൃശൂര്‍ താലൂക്കില്‍ 224 ഫയലുകള്‍ തീര്‍പ്പാക്കി. താലൂക്ക് ഓഫീസിലെ 86 ജീവനക്കാരില്‍ 66 പേര്‍ ഓഫീസില്‍ ഹാജരായി. 1500 ഓളം ഫയലുകള്‍ ഡാറ്റാ എന്‍ട്രി ചെയ്തു. തൃശൂര്‍ താലൂക്കിലെ 74 വില്ലേജ് ഓഫീസുകളും ഫയല്‍ യജ്ഞത്തിന്റെ ഭാഗമായി.

*303 ഫയലുകള്‍ തീര്‍പ്പാക്കി കൊടുങ്ങല്ലൂര്‍ താലൂക്ക്

സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കിയ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി 303 ഫയലുകളാണ് കൊടുങ്ങല്ലൂര്‍ താലൂക്ക് തീര്‍പ്പാക്കിയത്.
വില്ലേജ് തലത്തില്‍ 92 ഫയലുകളും പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്കില്‍ തഹസില്‍ദാറായ പി കെ രമേശന്റെയും നാല്‍പതോളം ഉദ്യോഗസ്ഥരുടെയും പ്രയത്നത്തിലൂടെയാണ് 303 ഫയലുകള്‍ ഒറ്റ ദിവസം കൊണ്ട് തീര്‍പ്പാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായാണ് ഞായറാഴ്ച ജില്ലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ദിനമായി ആചരിച്ചത്.

*235 ഫയലുകള്‍ തീര്‍പ്പാക്കി കുന്നംകുളം
ചാവക്കാട് താലൂക്കില്‍ 96 ഫയലുകള്‍

ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞത്തിന്റെ ഭാഗമായി അവധി ദിനത്തിലും സജീവമായി കുന്നംകുളത്തെ സര്‍ക്കാര്‍ ഓഫീസുകള്‍. കുന്നംകുളം താലൂക്കില്‍ ഞായറാഴ്ച 235 ഫയലുകള്‍ തീര്‍പ്പാക്കി. വില്ലേജ് തലത്തില്‍ 66 ജീവനക്കാരില്‍ 53 പേരും താലൂക്ക് തലത്തില്‍ 52 ജീവനക്കാരില്‍ 41 പേരും പ്രവര്‍ത്തിയുടെ ഭാഗമായി. ചാവക്കാട് താലൂക്കില്‍ 96 ഫയലുകള്‍ തീര്‍പ്പാക്കി. 3370 എണ്ണം ഡാറ്റഎന്‍ട്രി വരുത്തി. 38 ജീവനക്കാര്‍ അവധി ദിനം പ്രവര്‍ത്തി ദിനമാക്കി യജ്ഞത്തിന്റെ ഭാഗമായി.

*96 ഫയലുകള്‍ തീര്‍പ്പാക്കി മുകുന്ദപുരം

സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌കരിച്ച ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി അവധി ദിവസമായ ഞായറാഴ്ച മുകുന്ദപുരം താലൂക്ക് തീര്‍പ്പാക്കിയത് 96 ഫയലുകള്‍. തഹസില്‍ദാര്‍ (ഭൂരേഖ) കെ എം സിമേഷ് സാഹുവിന്റെ മേല്‍നോട്ടത്തിലാണ് ഫയല്‍ തീര്‍പ്പാക്കല്‍ നടത്തിയത്. താലൂക്ക് ഓഫീസിലെ 70 ജീവനക്കാരില്‍ 48 പേര്‍ ഓഫീസില്‍ ഹാജരായി. വില്ലേജ് ഓഫീസുകളില്‍ ആകെയുള്ള 109 ജീവനക്കാരില്‍ 86 പേരും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ഓഫീസില്‍ എത്തി.

*73 ഫയലുകളുമായി ചാലക്കുടി

അവധി ദിനത്തിലെ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ചാലക്കുടി താലൂക്കില്‍ തഹസില്‍ദാര്‍ ഇ എന്‍ രാജു, ഭൂരേഖ തഹസില്‍ദാര്‍ അശോക് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ 73 ഫയലുകള്‍ തീര്‍പ്പാക്കി. ബാക്കിയുള്ള ഫയലുകളുടെ ഡാറ്റഎന്‍ട്രി പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. താലൂക്ക് ഓഫീസിലെ 71 ജീവനക്കാരില്‍ 48 പേര്‍ ഓഫീസില്‍ ഹാജരായി. വില്ലേജ് ഓഫീസുകളില്‍ ആകെയുള്ള 110 ജീവനക്കാരില്‍ 79 പേര്‍ ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി ഓഫീസില്‍ എത്തി. നഗരസഭ, ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, വിവിധ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലായി 70% ജീവനക്കാര്‍ ഹാജരായി.

*തലപ്പിള്ളി താലൂക്ക് തീര്‍പ്പാക്കിയത് 84 ഫയലുകള്‍

ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞത്തിന്റെ ഭാഗമായി തലപ്പിള്ളി താലൂക്കില്‍ മുഴുവന്‍ ജീവനക്കാരും ഹാജരായി. 84 ഫയലുകളാണ് ഞായറാഴ്ച തീര്‍പ്പാക്കിയത്. 7000ത്തില്‍ അധികം ഫയലുകളാണ് തീര്‍പ്പാക്കാന്‍ ബാക്കിയുള്ളത്. സെപ്റ്റംബറോടെ ബാക്കിയുള്ള മുഴുവന്‍ ഫയലുകളും തീര്‍പ്പാക്കാനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണ് താലൂക്ക്.