പാഠപുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അറിവുകള്‍ക്കും മറ്റുള്ളവരുടെ സമ്മര്‍ദ്ദങ്ങള്‍ക്കുമപ്പുറം, സ്വന്തം സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും പിന്തുടര്‍ന്ന് ജീവിത വിജയം കൈവരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കരുത്തു നേടണമെന്ന് ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. ഗവ.ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളോട് സംവദിക്കവെയാണ് തങ്ങളുടെ കഴിവുകള്‍ കണ്ടെത്തി വളര്‍ത്തിയെടുക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടത്. ജില്ലയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെയും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിലെയും പഴയ അംഗങ്ങള്‍ക്കുള്ള യാത്രയയപ്പും പുതിയ കമ്മിറ്റി അംഗങ്ങള്‍ക്കുള്ള വരവേല്‍പ്പും നല്‍കുന്ന ചടങ്ങായിരുന്നു വേദി.

കുട്ടികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള എല്ലാ സഹായവും അധികൃതരുടെ ഭാഗത്തു നിന്നുണ്ടാവുമെന്നും ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. തങ്ങള്‍ക്കു പറയാനുള്ളത് പങ്കുവയ്ക്കാമെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞപ്പോള്‍, കലക്ടര്‍ പാട്ടുപാടണമെന്നായി കുട്ടികള്‍. താന്‍ പാടണമെങ്കില്‍ ആദ്യം നിങ്ങള്‍ പാടണമെന്ന് കലക്ടറും. തുടര്‍ന്നുണ്ടായത് കുരുന്നു പ്രതിഭകളുടെ ഗാനമേളയായിരുന്നു. നാടന്‍ പാട്ടും കൊട്ടിപ്പാട്ടുമൊക്കെയായി കിട്ടിയ അവസരം കുരുന്നുകള്‍ നല്ല രീതിയില്‍ ഉപയോഗിച്ചു. തങ്ങളുടെ ജീവിതത്തിലെ ചെറുതും വലുതുമായ ആഗ്രഹങ്ങള്‍ അവര്‍ കലക്ടറുമായി പങ്കുവച്ചു. വേദിയിൽ പാട്ടുപാടിയ കലക്ടർക്ക് നിറഞ്ഞ കൈയടികളോടെയാണ് കുട്ടികൾ തങ്ങളുടെ സന്തോഷം അറിയിച്ചത്. കുട്ടികളോട് വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞ് ഏറെ നേരം അവര്‍ക്കൊപ്പം ചെലവഴിച്ച ശേഷമാണ് ജില്ലാകലക്ടര്‍ മടങ്ങിയത്.

ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളില്‍
എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച വിജയം കൈവരിച്ചവര്‍ക്കും വായനാദിന മത്സരങ്ങളിലെ വിജയികള്‍ക്കും പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റര്‍ രചനാ മത്സര വിജയികള്‍ക്കുമുള്ള സമ്മാനദാനവും ജില്ലാകലക്ടര്‍ നിര്‍വഹിച്ചു. ചില്‍ഡ്രന്‍സ് ഹോമില്‍ നിര്‍മിക്കുന്ന ഫലവൃക്ഷ ഉദ്യാനത്തിന്റെ ഉദ്ഘാടനവും ബാലവേലയ്‌ക്കെതിരായ പോസ്റ്റര്‍ പ്രകാശനവും നിര്‍വഹിച്ച ജില്ലാ കലക്ടര്‍, കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേയ്ക്ക് സെലക്ഷന്‍ ലഭിച്ച ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ പരിശീലിപ്പിച്ച കോച്ച് കിരണ്‍ ജി കൃഷ്ണനെ ചടങ്ങില്‍ അനുമോദിക്കുകയും ചെയ്തു.
വനിതാ ശിശു വികസന വകുപ്പിന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ പി മീര അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ പി ജി മഞ്ജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി പി അബ്ദുള്‍ കരീം, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. കെ വി നിമ്മി, മുന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ ജി വിശ്വനാഥന്‍, മുന്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ സുനില്‍കുമാര്‍, അഡ്വ. കെ കെ വാരിജാക്ഷന്‍, ഡോ. കെ ബാസ്പിന്‍, എം എന്‍ രതി, ഗവ. ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് പി സി സെല്‍മ, പുതിയ ചൈല്‍ഡ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.