വെര്‍ട്ടിക്കല്‍ ഫാമിങ്ങിലൂടെ പച്ചക്കറി കൃഷി വിപുലമാക്കാന്‍ ഒരുങ്ങി പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത്. കൃഷിവകുപ്പും ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന ‘വെര്‍ട്ടിക്കല്‍ ഫാമിങ്’ വലക്കൂട്-പച്ചക്കറി തൈ വിതരണ പദ്ധതി പഞ്ചായത്തില്‍ ആരംഭിച്ചു. ‘വലക്കൂട്-പച്ചക്കറി തൈ’ വിതരണ പദ്ധതിയുടെ ഉദ്ഘാടനം പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ് കുമാര്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ശോഭന സുകു അധ്യക്ഷത വഹിച്ചു. കേരള സര്‍ക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുമായി സംയോജിപ്പിച്ചാണ് വെര്‍ട്ടിക്കല്‍ കൃഷി വ്യാപന പദ്ധതി പുല്‍പ്പള്ളി പഞ്ചായത്തില്‍ നടപ്പിലാക്കുന്നത്.
പദ്ധതിയുടെ ഭാഗമായി 140 ഗുണഭോക്താക്കള്‍ക്ക് 2 വലക്കൂടുകളും തക്കാളി, വഴുതന, പച്ചമുളക് എന്നിവയുടെ തൈകളും വിതരണം ചെയ്തു. ഇരുമ്പ് വലക്കൂട് ഒന്നിന് 75 ശതമാനം സബ്‌സിഡിയോടെ 200 രൂപയാണ് കര്‍ഷകര്‍ നല്‍കേണ്ടത്. പച്ചക്കറി തൈകള്‍ സൗജന്യമായാണ് വിതരണം ചെയ്യുന്നത്. കാലാവസ്ഥ വ്യതിയാനം, വരള്‍ച്ച, വന്യമൃഗശല്യം ഇവമൂലം കര്‍ഷകര്‍ പച്ചക്കറി കൃഷിയില്‍ നിന്നും മറ്റ് മേഖലകളിലേക്ക് തിരിയുന്നത് തടയാനാണ് നൂതന പദ്ധതി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നത്. ഈ കൃഷി രീതിയിലൂടെ വര്‍ഷം മുഴുവന്‍ പച്ചക്കറി ലഭ്യത ഉറപ്പ് വരുത്താന്‍ സാധിക്കും. വലക്കൂട് കൃഷിയിലൂടെ പ്രശസ്തനായ പുല്‍പള്ളി പഞ്ചായത്തിലെ കര്‍ഷകനായ വര്‍ഗീസ് ചെറുതോട്ടിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.