മൊബൈൽഫോൺ ഉത്തരവാദിത്വത്തോടെ ഉപയോഗിക്കുവാൻ വിദ്യാർഥികൾക്ക് പരിശീലനം നൽകണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ സ്‌കൂൾ അധികൃതർക്കായി സംഘടിപ്പിച്ച എഡ്യൂക്കേഷൻ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂളുകളിൽ വർധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു. സ്‌കൂൾ വിദ്യാർഥികളെ ലഹരിവസ്തുക്കളുടെ ക്യാരിയേഴ്സായി ദുരുപയോഗം ചെയ്യുന്ന സാമൂഹ്യ വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. പുതിയ കാലഘട്ടത്തിൽ വിദ്യാർഥികൾ സാങ്കേതികമികവ് പുലർത്തുന്നതിനാൽ അവരെ ഉന്നതനിലയിൽ പരിശീലിപ്പിക്കാനുള്ള കഴിവ് അധ്യാപകർ ആർജിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഉന്നത വിജയം നേടിയ വിദ്യാലയ അധികാരികളെ മന്ത്രി അഭിനന്ദിച്ചു. സ്‌കൂളുകളിൽ നടത്തേണ്ട മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളെപ്പറ്റി എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ പി.കെ. ജയരാജ് വിശദീകരിച്ചു. ട്രാഫിക് സുരക്ഷ സംബന്ധിച്ച കൈപുസ്തകങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിയോജക മണ്ഡലത്തിലെ 24 സ്‌കൂളുകളിലെ പ്രധാന അധ്യാപകരും മാനേജർമാരും സെമിനാറിൽ പങ്കെടുത്തു.