രക്ഷിതാക്കൾക്ക് സൈബർ സുരക്ഷയെക്കുറിച്ച് അവബോധം നൽകുന്നതിനായി ‘അമ്മ അറിയാൻ’ എന്ന പ്രത്യേക പരിപാടി കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് മുതൽ (ജൂലൈ 8) സംപ്രേഷണം ചെയ്യുന്നു. നാലു ഭാഗങ്ങളായി വെള്ളി മുതൽ തിങ്കൾ വരെ വൈകിട്ട് ആറിന് സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പുനഃസംപ്രേഷണം അടുത്ത ദിവസം രാവിലെ എട്ടിനു നടത്തും. സ്മാർട്ട് ഫോൺ, ഇന്റർനെറ്റിന്റെ അനന്തസാധ്യതകളിലേക്കുള്ള ലോകം, സുരക്ഷിത ഉപയോഗം, വ്യാജവാർത്തകളെ തിരിച്ചറിയുക, ചതിക്കുഴികൾ, സൈബർ ആക്രമണങ്ങൾ, ഇവയിൽ ഉപയോഗിക്കുന്ന ഒ.ടി.പി, പിൻ തുടങ്ങിയ പാസ്‌വേഡുകളുടെ സുരക്ഷ, തുടങ്ങിയവയാണ് ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഹൈസ്‌കൂളുകളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകൾ വഴി നേരത്തെ 3.08 ലക്ഷം രക്ഷിതാക്കൾക്ക് രണ്ടര മണിക്കൂർ ദൈർഘ്യമുള്ള സൈബർ സുരക്ഷാ പരിശീലനം കൈറ്റ് നൽകിയിരുന്നു. ഈ പരിശീലനത്തിന്റെ മാതൃകയായാണ് ഇപ്പോൾ സംപ്രേഷണം ചെയ്യുന്ന പരിപാടി.