ഫിഷറീസ് വകുപ്പിന് കീഴിലുള്ള സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമണിന്റെ (സാഫ്) നേതൃത്വത്തിൽ ആരംഭിച്ചതാണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകൾ. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകൾക്ക് തൊഴിലും വരുമാനവും ഉറപ്പാക്കാനും സാധാരണ ജനങ്ങൾക്ക് കുറഞ്ഞവിലയിൽ മികച്ച കടൽ ഭക്ഷ്യ ഉത്പന്നങ്ങൾ ലഭ്യമാക്കാനുമാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കേരള ബാങ്കിന്റെ സഹായത്തോടെ സംസ്ഥാനത്തെ ഹാർബറുകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും ആണ് തീരമൈത്രി സീഫുഡ് റസ്റ്റോറന്റുകളുടെ പ്രവർത്തനം.
പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് ആവശ്യമായ എല്ലാ പരിശീലനവും സാഫ് നൽകും. അഞ്ച് ലക്ഷം രൂപ വരെ അഞ്ച് പേരടങ്ങുന്ന ഒരു സീഫുഡ് റസ്റ്റോറന്റ് രൂപീകരിക്കാൻ ഗ്രാന്റ് നൽകും. പദ്ധതി തുകയുടെ 75 ശതമാനമാണ് ഗ്രാന്റ്. ബാക്കി തുക ബാങ്ക് ലോൺ (20 ശതമാനം) ആയും അഞ്ച് ശതമാനം ഗുണഭോക്തൃവിഹിതവുമാണ്. 2020-2021 കാലത്ത് 230 മത്സ്യത്തൊഴിലാളി വനിതകൾ അടങ്ങുന്ന 46 സീഫുഡ് റസ്റ്റോറന്റുകൾ രൂപീകരിക്കുകയും 230 ലക്ഷം രൂപ ഗ്രാന്റായി അനുവദിക്കുകയും ചെയ്തു.