ചുമട്ടു തൊഴിലാളികളുടെ മക്കൾക്കുള്ള ലാപ്‌ടോപ്പ്, പഠനോപകരണ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. സർക്കാർ മെഡിക്കൽ/ എഞ്ചിനീയറിംഗ് കോളേജുകളിൽ 2018-19, 2019-20, 2020-21, 2021-22 അധ്യയന വർഷങ്ങളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം നേടിയ പഠന മികവുള്ള വദ്യാർഥികൾക്കാണു ലാപ്‌ടോപ്പുകൾ വിതരണം ചെയ്തത്. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്കു പഠനോപകരണങ്ങളും നൽകും. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പദ്ധതിയിലൂടെ സംസ്ഥാനതലത്തിൽ ഒരു കോടിയോളം രൂപ ചെലവഴിച്ച് ഏഴായിരത്തോളം കുട്ടികൾക്കു പഠനോപകരണങ്ങളും വിതരണം ചെയ്തു.
നിലവിലെ തൊഴിൽ സാഹചര്യങ്ങൾക്കനുസരിച്ചു ചുമട്ടുതൊഴിലാളി മേഖലയിൽ പരിഷ്‌കരണം നടപ്പാക്കണമെന്നു ചടങ്ങ് ഉദ്ഘാടനം ചെയ്തു മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ നടത്തിയ ശ്രമങ്ങൾ രാജ്യത്തിനുതന്നെ മാതൃകയാണ്. ഇതിനായി വിദ്യാർഥികൾക്കു പഠനോപകരണങ്ങൾ ലഭ്യമാക്കാൻ സാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിച്ചു. എളമരം കരീം എം.പി, ചുമട്ടുതൊഴിലാളി ക്ഷേമബോർഡ് ചെയർമാൻ ആർ. രാമചന്ദ്രൻ, ചീഫ് എക്‌സിക്യൂട്ടീവ് കെ. ശ്രീലാൽ, ആർ. ചന്ദ്രശേഖരൻ, വിജയമ്മ, എൻ. സുന്ദരൻ പിള്ള, ബോർഡ് അംഗങ്ങൾ, ജീവനക്കാർ, തൊഴിലാളി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.